മുഹമ്മദ് കമാൽ അലി ബദ്രാൻ
ദോഹ: സൗദി അറേബ്യയിൽ നടക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി മുഹമ്മദ് കമാൽ അലി ബദ്രാൻ പങ്കെടുക്കും.
ആഗസ്റ്റ് രണ്ടു മുതൽ 9 വരെ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ആഗോള ശാസ്ത്ര മാമാങ്കത്തിന് വേദിയാകുന്നത്. ഖത്തർ ദേശീയ ടീമിന്റെ അംഗമായി മുഹമ്മദ് കമാൽ അലി അന്താരാഷ്ട്ര വേദിയിൽ പങ്കെടുക്കും. രണ്ട് ഘട്ടങ്ങളിലായി നടന്ന എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിൽ പ്രകടനം കാഴ്ചവെച്ചാണ് അന്താരാഷ്ട്ര വേദിയിലേക്ക് യോഗ്യത നേടിയത്.
വിദ്യാർത്ഥിയുടെ ശാസ്ത്രീയ അഭിരുചിയും കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരത്തിന് വഴിയൊരുക്കിയത്. രാജ്യാന്തര വേദികളിൽ ഖത്തറിനെ പ്രതിനിധീകരിക്കാൻ തങ്ങളുടെ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അഭിമാന നിമിഷമാണെന്ന് അധികൃതർ വ്യക്തമാക്കി.
മുഹമ്മദ് കമാൽ അലി ബദ്രാന്റെ ഉജ്ജ്വല നേട്ടത്തിൽ സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പലും അഭിനന്ദനങ്ങൾ അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.