ദോഹ: ലോകമെമ്പാടുമുള്ള എജുക്കേഷൻ എബവ് ആൾ ഫൗണ്ടേഷന്റെ പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കുകയെന്ന ലക്ഷ്യവുമായി മൂന്നാമത് മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാളിന് ഖത്തർ വീണ്ടും വേദിയാകുന്നു.
ലോകോത്തര ഫുട്ബാൾ താരങ്ങളും പ്രശസ്ത കണ്ടന്റ് ക്രിയേറ്റർമാരും അണിനിരക്കുന്ന മൂന്നാമത് മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാൾ മത്സരം 2026 ജനുവരി 30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. മത്സരത്തിന്റെ ടിക്കറ്റുകൾ www.match4hope.com എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് ക്യു ലൈഫ് പ്ലാറ്റ്ഫോം അറിയിച്ചു. ഇന്റർനാഷനൽ മീഡിയ ഓഫിസിന് കീഴിലുള്ള സാംസ്കാരിക സംരംഭമായ ക്യു ലൈഫ്, എജുക്കേഷൻ എബവ് ആൾ ഫൗണ്ടേഷനുമായും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായും സഹകരിച്ചാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2026 എഡിഷൻ മാച്ച് ഫോർ ഹോപ് ചാരിറ്റി ഫുട്ബാളിൽ ടീം ചങ്ക്സും ടീം അബോ ഫല്ലയും തമ്മിലുള്ള പോരാട്ടത്തിന് വേദിയാകും. ഈ വർഷത്തെ മത്സരത്തിൽ കെഎസ്ഐ, ബില്ലി വിങ്റോവ്, ഡാനി ആരോൺസ്, ഹാരി പിനെറോ, ലുവ ഡി പെഡ്രെയ്റോ, മാർലോൺ, ഫാനം, തിയറി ഹെൻറി, മാർസെലോ വിയേര ഡി സിൽവ ജൂനിയർ, ഡീഗോ കോസ്റ്റ എന്നീ സൂപ്പർ താരങ്ങൾ മാറ്റുരക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽനിന്ന് ലഭിച്ച വലിയ പിന്തുണയും ആവേശകരമായ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി 71 ദശലക്ഷം ഖത്തർ റിയാലിലധികം സമാഹരിച്ചിരുന്നു. ഇത് ഫലസ്തീൻ, ലബനാൻ, സിറിയ, നൈജീരിയ, റുവാണ്ട, സുഡാൻ, പാകിസ്താൻ, മാലി, താൻസാനിയ, സാൻസിബാർ എന്നിവിടങ്ങളിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികൾക്കായാണ് ചെലവഴിച്ചത്. ടിക്കറ്റുകൾ www.match4hope.com ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.