ദോഹ: കോവിഡ് സുരക്ഷ നിർദേശങ്ങളും മുൻകരുതലുകളും പൊതുജനം പാലിക്കുകയാണെങ്കിൽ അടച്ചിടലും നിയന്ത്രണങ്ങളും വർക്ക് ഫ്രം ഹോമും ഉണ്ടാകില്ലെന്ന് എച്ച്.എം.സി സാംക്രമികരോഗ പ്രതിരോധ കേന്ദ്രം (സി.ഡി.സി) മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി അറിയിച്ചു. വരുംആഴ്ചകളിൽ ഖത്തറിൽ കോവിഡ് കേസുകളിൽ വലിയ വർധനവുണ്ടാകാനിടയുണ്ടെന്നും ഇവർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ ദിനങ്ങളിൽ പ്രതിദിനം ശരാശരി 662 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 63 യാത്രക്കാരും ഉൾപ്പെടും.എല്ലാ രാജ്യങ്ങളിലും കോവിഡ് പോസിറ്റിവ് കേസുകളിൽ വർധനവുണ്ടായെന്ന് ഡോ. അൽ മസ്ലമാനി വിശദീകരിച്ചു. നിരവധി യാത്രക്കാരാണ് രോഗലക്ഷണങ്ങളില്ലാതെതന്നെ വൈറസ് വാഹകരായി ഖത്തറിലേക്ക് മടങ്ങിയെത്തിയത്.
യാത്രക്ക് മുമ്പും യാത്രയിലും പാലിക്കേണ്ട സുരക്ഷ, പ്രതിരോധ നടപടികൾ പ്രാബല്യത്തിലുണ്ടെന്നും യാത്രക്കാർ എല്ലാവരും ഇക്കാര്യം പാലിക്കണമെന്നും വീഴ്ച വരുത്തരുതെന്നും അവർ അഭ്യർഥിച്ചു. യാത്രക്കുമുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ വാക്സിനേഷൻ, കോവിഡ് പരിശോധന, നിയന്ത്രണങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന യാത്രാനയം പരിശോധിക്കണം. യാത്രയിലുടനീളം കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്നും വ്യക്തമാക്കി.കൂടിച്ചേരലുകൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട സി.ഡി.സി മെഡിക്കൽ ഡയറക്ടർ, അടച്ചിട്ട, ആളുകൾ കൂടിച്ചേരുന്ന, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ ഇവ പ്രത്യേകം പാലിക്കണമെന്നും വ്യക്തമാക്കി.
മാളുകൾ ഉൾപ്പെടെ വാണിജ്യകേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധം
ദോഹ: അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ച സാഹചര്യത്തിൽ വാണിജ്യ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങൾ വിശദീകരിച്ച് മന്ത്രാലയം.
ഷോപ്പിങ് മാൾ, റസ്റ്റാറന്റ്, കഫേ, സൂഖുകൾ, മൊത്തവിൽപന കേന്ദ്രങ്ങൾ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ, ഹെൽത്ത് ക്ലബ്, ജിം, സ്പാ, വിനോദ കേന്ദ്രങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, സിനിമ തിയറ്റർ, പ്രദർശന ശാലകൾ, സമ്മേളനങ്ങളും മറ്റ് ചടങ്ങുകളും നടക്കുന്ന വേദികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വീണ്ടും മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
വാണിജ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ ഇഹ്തിറാസ് സ്റ്റാറ്റസ് പരിശോധിക്കുക, റസ്റ്റാറന്റിൽ ടേബിളിൽ ഇരിക്കുന്നത് ഒഴികെയുള്ള മുഴുവൻ സമയവും മാസ്ക് അണിയുക എന്നീ നിർദേശങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.