ഹാലത് അൽ അസീരി മേഖലയിലെ പവിഴപ്പുറ്റ്
ദോഹ: രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിലെ ജാഗ്രതയും ഏറെ സമ്പന്നമായ ജൈവവൈവിധ്യവും മേഖലയിലെ സുസ്ഥിര വിനോദസഞ്ചാരത്തിൽ ഖത്തറിനെ മുൻനിരയിലെത്തിക്കുന്നു. ഒരു ഉപദ്വീപ് എന്ന നിലയിൽ ഖത്തറിന്റെ സവിശേഷമായ ഭൂമിശാസ്ത്രം സമുദ്ര പരിസ്ഥിതി രംഗത്ത് വൈവിധ്യം കൊണ്ടുവരുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
അറേബ്യൻ ഉൾക്കടലിൽ ഏകദേശം 563 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വിശാലമായ തീരപ്രദേശമുള്ള ഖത്തറിന് വൈവിധ്യമാർന്ന തീരദേശ സമുദ്ര ആവാസവ്യവസ്ഥകളാണുള്ളത്. പ്രാദേശിക ജലാശയങ്ങളുടെ ആഴം സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 60 മീറ്റർ വരെയാണുള്ളത്. സമുദ്ര സംരക്ഷണത്തിലും പരിസ്ഥിതി ടൂറിസത്തിന്റെ പ്രോത്സാഹനത്തിലും രാജ്യം പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം ആഗോള പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.
അൽ ദാഖിറയിലെ കണ്ടൽക്കാടുകൾ
ആകെ ഭൂവിസ്തൃതിയുടെ 2.5 ശതമാനവും സമുദ്ര സംരക്ഷിത പ്രദേശങ്ങളുള്ള ഖത്തറിൽ വ്യത്യസ്ത പാരിസ്ഥിതിക സവിശേഷതകൾക്ക് പേരുകേട്ട ഖോർ അൽ ഉദൈദ്, പഴക്കം ചെന്ന കണ്ടൽക്കാടുകളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന അൽ ദഖീറ റിസർവ് തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്.
തിളക്കമുള്ള ടർക്കോയ്സ് മുതൽ കടുപ്പമേറിയ നീല നിറങ്ങളോടു കൂടിയ ജലാശയങ്ങളും തവിട്ട് മുതൽ പച്ചവരെ നിറങ്ങളോടു കൂടിയ തീരദേശവുമുള്ള ആവാസവ്യവസ്ഥകളും ആകർഷകമാണ്. ഡുഗോങ് എന്നറിയപ്പെടുന്ന കടൽപ്പശു, തിമിംഗല സ്രാവുകൾ, കടലാമകൾ, ബെന്റിക് കടൽപ്പുല്ല്, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെ എണ്ണമറ്റ സസ്യജന്തുജാലങ്ങൾ ആവാസമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡൈവിങ് പ്രേമികളുടെ ഹോട്സ്പോട്ടാക്കി ഖത്തറിനെ ഇതു മാറ്റുന്നു. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കയോടൊപ്പം വിനോദസഞ്ചാരികളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിലും ആതിഥേയ സമൂഹങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമ്പൂർണ ടൂറിസമെന്ന ആശയമാണ് സുസ്ഥിര വിനോദസഞ്ചാരം.
വരുംദശകത്തിൽ സാമ്പത്തിക വൈവിധ്യവത്കരണം ഉത്തേജിപ്പിക്കുന്നതിൽ രാജ്യം ശ്രദ്ധ നൽകുന്ന നിരവധി സാമ്പത്തിക മേഖലകളിൽ ഒന്നാണ് വിനോദസഞ്ചാര മേഖല. കിഴക്കും പടിഞ്ഞാറും ഒരുമിക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഖത്തറിലേക്ക് ലോകത്തിന്റെ പല പ്രധാന ജനവാസ കേന്ദ്രങ്ങളിൽനിന്നും ശരാശരി 6-7 മണിക്കൂർ മാത്രമാണ് യാത്രാദൂരമുള്ളത്. ഇതും ഖത്തറിനെ വിനോദസഞ്ചാര മേഖലയിൽ മുൻനിരയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ ഖത്തർ നടപ്പാക്കിവരുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂർത്തിയാക്കിയിരുന്നു. 17 ഇടങ്ങളിലായിരുന്നു സർവേ നടത്തിയത്. 40ലധികം പവിഴപ്പുറ്റിനങ്ങളെയാണ് അന്ന് കണ്ടെത്തിയത്.
ഖത്തറിന്റെ സമുദ്ര ഭാഗങ്ങളിലെ തിമിംഗലസ്രാവുകൾ
പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കാനാണ് മന്ത്രാലയം തീരുമാനിച്ചത്. പവിഴപ്പുറ്റുകളുള്ള പ്രദേശങ്ങൾ വൃത്തിയാക്കുകയും ഇവ കുറഞ്ഞ സ്ഥലങ്ങളിലേക്ക് ആരോഗ്യമുള്ളവയെ മാറ്റുകയുമാണ് രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ശാസ്ത്രീയ രീതികളിലൂടെയാവും പവിഴപ്പുറ്റുകളെ മാറ്റിസ്ഥാപിക്കുക. പവിഴപ്പുറ്റുകളുടെ വളർച്ചനിരക്ക് മൂന്ന് മുതൽ അഞ്ച് വരെ മടങ്ങ് വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.