സാംസ്കാരിക പ്രതിസന്ധികളില്‍ ഇടപെടാറില്ല  -പ്രഫ. വി. മധുസൂദനന്‍ നായര്‍ 

ജുബൈല്‍: കേരളത്തിന്‍െറ സാംസ്കാരിക മണ്ഡലത്തില്‍  പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഇടപെടാറില്ലന്നെും എല്ലാം നന്നായി തീരട്ടെ എന്ന പ്രാര്‍ഥന മാത്രമേ ഉള്ളൂവെന്നും കവി പ്രഫ.വി മധുസൂദനന്‍ നായര്‍. ലക്ഷ്യം ധനസമ്പാദനം മാത്രമായി ചുരുങ്ങിപ്പോയതിലെ അപാകതയാണ് ഇന്നത്തെ വിദ്യാഭ്യാസവും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. പ്രവാസി എന്ന തോന്നലില്‍ നിന്നുള്ള മോചനമാണ് പ്രവാസികള്‍ക്ക് ആദ്യം വേണ്ടതെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കവിത കടലാസില്‍ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ഒരു ജനതതിയില്‍ നിന്നും കവിത പൂര്‍ണമായും വിട്ടുനിന്നിട്ടില്ല. ഏതെങ്കിലും വിധത്തില്‍ കവിതയുടെ സത്ത എല്ലാ ജനങ്ങളിലും എത്തും. പുരാണങ്ങളും ഉപനിഷത്തുകളുമെല്ലാം ഇന്നും ജനം ആസ്വദിക്കുന്നത് അതിന്‍െറ കാവ്യഭാവമാണ്. മധ്യവര്‍ഗം മാത്രമേ കവിത ആസ്വദിക്കൂ എന്ന ധാരണ തെറ്റാണ്. വള്ളിച്ചെടിയും മരവും പാമ്പും മനുഷ്യരും മൃഗവുമെല്ലാം സംഗീതം ആസ്വദിക്കും.
നാട്ടുസംഗീതം പ്രാണസ്ഥാനത്തുള്ളതാണ് ഭാഷ. എല്ലാ ദേശങ്ങള്‍ക്കും തലമുറകള്‍ എത്ര കഴിഞ്ഞാലും അവരുടെ നാട്ടുഭാഷ കൈമുതലായി ഉണ്ടാവും. നാട്ടുസംഗീതം ചേരാത്ത ഭാഷ മൃതഭാഷയാണ്. ആധുനികോത്തരത എന്ന വാക്ക് ഒരു ക്ളീഷേയും ആധുനികമെന്നവകാശപ്പെടുന്ന രചനകള്‍  താല്‍കാലിക രസപ്രദാനവുമാണ്. 
അതേസമയം യുവതലമുറയുടെ എഴുത്തുരീതി അഭിനന്ദനീയമാണ്. പാരമ്പര്യങ്ങളെ പാടെ നിരസിച്ച് ഭാഷയുടെയും ഭാവത്തിന്‍െറയും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന രചനകള്‍ നവസാഹിത്യത്തെ പരിപോഷിപ്പിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് മനസിന്‍െറ വിശാലതക്ക് കുറവില്ല. അവര്‍ക്ക് സാമൂഹികമായ ഇടപെടലുകള്‍ക്ക് അവസരങ്ങളില്ല എന്നതാണ് സത്യം. മണ്ണിനെ അറിയാനോ നക്ഷത്രങ്ങളോട് സംവദിക്കാനോ തുമ്പി വെള്ളം കുടിക്കുന്നത് കാണാനോ അവന് സാധിക്കുന്നില്ല. നവ മാധ്യമങ്ങള്‍ നല്‍കുന്ന കേവല സൗഹൃദങ്ങള്‍ക്കപ്പുറത്തേക്ക് കണ്ണും കാതും തുറന്നു വെക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല. കച്ചവട വിദ്യാഭാസത്തില്‍ പ്രതിഭാധനരായ അധ്യാപകര്‍ പോലും മലയാളത്തിന് അന്യമാവുകയാണ്. പ്രവാസലോകത്തും മികച്ച രചനകള്‍ ഉണ്ടാവുന്നത് സന്തോഷകരം തന്നെ. എല്ലാ ചരാചരങ്ങള്‍ക്കും പ്രവാസമുണ്ട്. പ്രവാസലോകത്ത് പരിമിതികള്‍ ഉണ്ടാവാമെങ്കിലും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - madusoodanan nair qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.