ഖത്തറിലെ ലുലു ഔട്ട്ലറ്റുകളിൽ യു.പി.ഐ പേമെന്റ് സംവിധാനം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ലോഞ്ച് ചെയ്യുന്നു, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് സംസാരിക്കുന്നു
ദോഹ: ഖത്തറിലെ ലുലു ഔട്ട്ലറ്റുകളിൽ ഉപഭോക്താക്കൾക്കായി യു.പി.ഐ പേമന്റ് സൗകര്യമൊരുക്കി, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇടപാടുകൾക്കായി യുനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യ റീട്ടെയിൽ ശൃംഖലയാണ് ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഹൈപ്പർമാർക്കറ്റിന്റെ ദി പേൾ ഖത്തറിൽ നടന്ന ചടങ്ങ്, ഖത്തർ നാഷനൽ ബാങ്കിന്റെയും ലുലു ഹൈപ്പർമാർക്കറ്റിന്റെയും മുതിർന്ന എക്സിക്യൂട്ടിവുകളുടെ സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ഇന്ത്യൻ സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സുരക്ഷിതവും തടസ്സമില്ലാത്തതുമായ പണമിടപാടുകൾക്കും ഇതുവഴി അവസരമൊരുങ്ങും. രാജ്യത്തുടനീളമുള്ള ലുലുവിന്റെ റീട്ടെയിൽ ഷോപ്പുകളിൽ യു.പി.ഐ പേമെന്റുകൾക്കായി ക്യു.ആർ കോഡുകൾ ക്യു.എൻ.ബി നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി യു.പി.ഐ സൗകര്യമുള്ള മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് പേമെന്റുകൾ നടത്താം. ഇതിലൂടെ കൂടുതൽ സൗകര്യപ്രദവും വേഗതയേറിയതും സുരക്ഷിതവുമായ ഇടപാടുകൾ ഉറപ്പാക്കുന്നു.
ഇന്ത്യൻ യാത്രക്കാർക്ക് ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഖത്തറിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും തടസ്സമില്ലാതെ ഷോപ്പിങ് അനുഭവം ഉറപ്പാക്കാം.
ഖത്തറും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിൽ സുപ്രധാന നേട്ടമായി ഇത് രേഖപ്പെടുത്തുന്നു. മേഖലയിലെ ഏറ്റവും വിശ്വസ്തമായ റീട്ടെയിൽ ബ്രാൻഡുകളിൽ ഒന്നായ ലുലു ഹൈപ്പർമാർക്കറ്റ്, ക്യു.എൻ.ബിയുമായി സഹകരിച്ച് ഖത്തറിലെ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയ ഈ സേവനം സുപ്രധാന മുന്നേറ്റമാണ്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, റീട്ടെയിൽ ഔട്ട്ലറ്റുകൾ, ഹോസ്പിറ്റാലിറ്റി പങ്കാളികൾ എന്നിവയിലേക്കും യു.പി.ഐ സംവിധാനം വ്യാപിപ്പിക്കുകയാണ് ക്യു.എൻ.ബി. ഖത്തർ നാഷനൽ ഡിജിറ്റൽ വിഷൻ ലക്ഷ്യമാക്കി കാഷ് ലസ് ഇക്കോണമിയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ പിന്തുണക്കുന്നതാണിത്.
ഖത്തറിലെ ഉപഭോക്താക്കൾക്കായി യു.പി.ഐ സംവിധാനം ഒരുക്കാനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. വിശ്വസനീയമായ ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോം എന്നനിലയിൽ യു.പി.ഐ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്വീകാര്യത നേടിയിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബന്ധിപ്പിക്കുന്നു. ഇത് ഖത്തറിൽ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ സന്ദർശകർക്കും താമസക്കാർക്കും മാത്രമല്ല, ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ കാഴ്ചപ്പാടിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.ഐ പേമെന്റിന്റെ വേഗതയും സൗകര്യവും അനുഭവിച്ചറിയാൻ ഉപഭോക്താക്കളെ ക്ഷണിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.