ഡി റിങ് റോഡ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ മന്ത്രാലയം പ്രതിനിധി ശൈഖ് സുഹൈൽ ആൽഥാനിയും ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ പി. ഷാനവാസും വൃക്ഷത്തൈ നടുന്നു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്ന് അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ഡി റിങ്ങിലെ ലുലു ഹൈപ്പർമാർക്കറ്റ് പരിസരത്ത് പ്രതീകാത്മകമായി മരം നട്ടുകൊണ്ടായിരുന്നു പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ഒരു കോടി മരങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി പൊതുപാർക്ക് വിഭാഗം പ്രതിനിധി ശൈഖ് സുഹൈൽ ആൽഥാനിയും ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ മാനേജർ പി. ഷാനവാസും ചേർന്ന് മരം നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പച്ചപ്പ് നിലനിർത്തുന്നതിന്റെയും ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിന്റെ പിന്തുണ ഉറപ്പാക്കുന്നതായിരുന്നു പരിസ്ഥിതി ദിനത്തിൽ മന്ത്രാലയവുമായി കൈകോർത്തുള്ള പ്രവർത്തനങ്ങൾ.
പരിസ്ഥിതി സംരക്ഷണ സന്ദേശം പൊതുജനങ്ങളിലേക്ക് കൈമാറുന്ന വിവിധ പ്രവർത്തനങ്ങളും ജൂൺ അഞ്ചിന് നടന്നു. പുനരുപയോഗ ബാഗുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തും, വൃക്ഷത്തെകൾ വിതരണം ചെയ്തും ഷോപ്പിങ്ങിനെത്തിയവരെ വരവേറ്റു. പരിസ്ഥിതി സൗഹൃദ ഷോപ്പിങ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനങ്ങളെ മന്ത്രാലയം പ്രതിനിധി പ്രശംസിച്ചു. 18 ലുലു ഹൈപ്പർമാർക്കറ്റുകളിലും സ്ഥാപിച്ച റീസൈക്ലിങ് വെൻഡിങ് മെഷീൻ സേവനത്തെ പ്രത്യേകം പരാമർശിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ നിക്ഷേപിച്ചുകൊണ്ട് പുനസംസ്കരണത്തിന് വഴിയൊരുക്കുന്നതാണ് ഈ സൗകര്യം. മെഷീന്റെ പ്രവർത്തനം സംബന്ധിച്ച പ്രദർശനവും ഒരുക്കിയിരുന്നു.
പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് പുറത്തിറക്കിയ പുനുരുപയോഗ ബാഗ്
പരിസ്ഥിതി സംരക്ഷണത്തിൽ ലുലു ഹൈപ്പർമാർക്കിന്റെ ലക്ഷ്യങ്ങളെ കുറിച്ച് അധികൃതർ വിശദീകരിച്ചു. 2030ഓടെ കാർബൺ ബഹിർഗമനം 50 ശതമാനമായും, 2050ഓടെ സീറോ ശതമാനത്തിലേക്കും കുറക്കുകയാണ് ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനു പുറമെ, തിരഞ്ഞെടുത്ത ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്ക് ഇ-മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പേപ്പർ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ഇ-ബില്ലുകൾക്ക് ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന പ്രചാരണത്തിനും ലുലു തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പുനുരുപയോഗ ബാഗുകളിൽ പ്രത്യേക പ്രമോഷനും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.