ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം മരുഭൂവത്കരണം തടയുന്നതിനും നഗരത്തെ കൂടുതൽ മനോഹരമാക്കുന്നതിനുമായി നടപ്പാക്കിയ ‘ഇവിടം കൂടുതൽ മനോഹരമാക്കാം’ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. നാല് ഘട്ടങ്ങളിലായി 2030 വരെ നീളുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ദോഹയിലെ മരുഭൂമി ഇല്ലാതാക്കി, പരിസ്ഥിതി സ്ഥിരതയെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഖത്തർ നാഷനൽ വിഷൻ 2030ന്റെ പ്രധാന പദ്ധതിയുടെ ഭാഗമാണിത്.
മരുഭൂവത്കരണവും വരണ്ട കാലാവസ്ഥയും തടയാനുള്ള ലോകദിനവുമായി ഒത്തുചേർന്നാണ് പരിപാടി നടന്നത്. നഗരമേഖലകളിൽ സസ്യങ്ങൾ നട്ടുവളർത്തി മരുഭൂമി പ്രദേശങ്ങൾ കുറക്കുക, സുസ്ഥിര വികസനം, ഭൂമിക്കുമേലുള്ള കടന്നുകയറ്റം തടയുക തുടങ്ങിയവയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ, 1,10,000 ത്തിലധികം തൈകൾ വിമാനത്താവള റോഡ്, അൽ ജാമിഅ സ്ട്രീറ്റ്, നജ്മ മേഖല എന്നിവിടങ്ങളിൽ നട്ടുവളർത്തി. കാറ്റിനെയും വരണ്ട കാലാവസ്ഥയെയും പ്രതിരോധിക്കുന്ന സസ്യങ്ങളുടെ തൈകളാണ് നട്ടുവളർത്തിയത്.
രണ്ടാം ഘട്ടത്തിൽ, കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ചെടികളും വെച്ചുപിടിപ്പിക്കും. പ്രധാന റോഡുകൾ, സ്ട്രീറ്റുകൾ, അൽ മെസ്സില, അൽ ഖാഫ്ജി, ബീച്ച് 974 ലെ പ്രവേശന ഭാഗം എന്നിവിടങ്ങളിലായി ഇത് ഒരുക്കും. സ്ഥലങ്ങൾ അതിനനുസരിച്ച് ഒരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.