ഖത്തർ ദേശീയ മ്യൂസിയത്തിലെ ‘ലാറ്റിനോമേരിക്കോനോ’ പ്രദർശനം കാണാനെത്തിയവർ
ദോഹ: മാൽബ, എഡുറാഡോ കോസ്റ്റാന്റിനി കലക്ഷൻസിൽനിന്നുള്ള ആധുനികവും സമകാലികവുമായ കലകളുടെ പ്രദർശനം‘ലാറ്റിനോ-അമേരിക്കോനോ’ ഖത്തർ ദേശീയ മ്യൂസിയത്തിൽ തുടരുന്നു. 100ലധികം ലാറ്റിനമേരിക്കൻ കലാകാരന്മാരുടെ 170ലധികം കലാസൃഷ്ടികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജൂലൈ 19 വരെ പ്രദർശനം തുടരും.
ബ്യൂണോസ് ഐറസിലെ മ്യൂസിയോ ദി ആർട്ട് ലാറ്റിനോ-അമേരിക്കോനോ(മാൽബ)യുമായുള്ള സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ലാറ്റിനമേരിക്കൻ കലാപ്രദർശനമാണിത്.
ഖത്തർ-അർജൻറീന-ചിലി സാംസ്കാരിക വർഷം 2025ത്തിന്റെ ഭാഗമായാണ് പ്രദർശനം നടക്കുന്നത്. ചിത്രരചന, ശിൽപം, ഫോട്ടോഗ്രഫി, വിഡിയോ, ഇൻസ്റ്റലേഷൻ, ആർക്കൈവ് മെറ്റീരിയലുകൾ എന്നിവയിലൂടെ ലാറ്റിനമേരിക്കൻ കലയും വൈവിധ്യവും ഈ പ്രദർശനം ആഴത്തിൽ അവതരിപ്പിക്കുന്നു.
ഐഡന്റിറ്റി, നഗരവത്കരണം, സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ, മേഖലയിലെ ആധുനികവും സമകാലികവുമായ കലാരൂപങ്ങകളുടെ വികസനം എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
കോർട്ട്യാർഡിൽ ഒരുക്കിയ മാർട്ട മിനുജിൻ-ന്റെ ‘സ്വപ്നത്തിന്റെ ശിൽപം’- (2023) എന്ന ഇൻഫ്ലേറ്റബിൾ, ഹാസ്യപരവുമായ ശിൽപം, ലാറ്റിനമേരിക്കൻ കലയെ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു. ഈ ശിൽപം ആദ്യം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കപ്പെട്ടതാണ്. ചർച്ചകൾ, ടൂറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ പ്രദർശനത്തോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികൾ ജൂലൈ 13 വരെ നടക്കും.
ഖത്തർ മ്യൂസിയംസ് ഇന്റർനാഷനൽ എക്സിബിഷൻ മേധാവി ഇസ്സാ അൽ ഷിറാവി, മാൽബയിലെ ചീഫ് ക്യൂറേറ്റർ മറിയാ അമാലിയ ഗാർസിയ എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ ഖത്തർ മ്യൂസിയംസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ചൊവ്വാഴ്ചകളിൽ അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.