കിങ് സൽമാൻ കപ്പിൽ അൽസദ്ദിനായി ഗോൾ നേടിയ ബഗ്ദാദ് ബൗനിജയെ അഭിനന്ദിക്കുന്ന
സഹതാരങ്ങൾ
ദോഹ: സൗദിയിൽ നടക്കുന്ന അറബ് ക്ലബ് ചാമ്പ്യൻഷിപ്പായ കിങ് സൽമാൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിൽ ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് അൽസദ്ദിന് തിളക്കമാർന്ന ജയം. നിലവിലെ കിങ്സ് കപ്പ് ജേതാക്കളും മുൻ സൗദി പ്രോ ലീഗ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ അൽ ഹിലാൽ എഫ്.സിയെ അട്ടിമറിച്ചാണ് അൽ സദ്ദിന്റെ മുന്നേറ്റം. ഗ്രൂപ് ‘ബി’യിൽ രണ്ട് കളിയിൽ ഒരു സമനിലയും ഒരു ജയവുമായി അൽ സദ്ദ് നാലു പോയേൻറാടെ ഒന്നാമതെത്തി.
അബഹ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു അൽ സദ്ദിന്റെ തിരിച്ചുവരവ്. പത്താം മിനിറ്റിൽ ബ്രസീൽ താരം മൈക്കൽ ഒലിവേര ഹിലാലിനെ മുന്നിലെത്തിച്ചെങ്കിലും 40ാം മിനിറ്റിൽ ബഗ്ദാദ് ബൗനിജ, 51ാം മിനിറ്റിൽ താരിഖ് സൽമാൻ എന്നിവരുെട ഗോളിലൂടെ അൽ സദ്ദ് മത്സരത്തിൽ തിരികെയെത്തി. 68ാം മിനിറ്റിൽ സലീം മുഹമ്മദ് ദൗസരിയുടെ ഗോളിലൂടെ അൽ ഹിലാൽ 2-2ന് ഒപ്പമെത്തിയപ്പോൾ ഇഞ്ചുറി ടൈമിലായിരുന്നു സദ്ദിന്റെ വിജയം പിറന്നത്.
ഇഞ്ചുറിയുടെ മൂന്നാം മിനിറ്റിൽ എക്വഡോറിൽ നിന്നുള്ള പുതിയ താരം ഗോൺസാലോ പ്ലാറ്റ വിജയഗോൾ കുറിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബുധനാഴ്ച അൽ സദ്ദ് ലിബിയൻ സംഘമായ അൽ അഹ്ലി ട്രിപളിയെ നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിൽ ഇടം നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.