മഹാസീൽ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന നഴ്സറികളിലൊന്ന്
ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിന് (വിളവെടുപ്പ് ഉത്സവം) തുടക്കമായി. വ്യാഴാഴ്ച രാവിലെ കതാറയിലെ കൾചറൽ വില്ലേജിൽ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടറുമായ സെയ്ഫ് സഅദ് അൽ ദോസരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ഖത്തരി ഫാർമേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് മഹാസീൽ സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി, ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി, ഖത്തരി ഫാം ഉടമകൾ, പങ്കെടുക്കുന്ന ദേശീയ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനുവരി 19ന് തുടങ്ങുന്ന മഹാസീൽ ഫെസ്റ്റിവൽ 28 വരെ തുടരും. ശേഷം ഏപ്രിൽ പകുതിവരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെ മഹാസീൽ തുടരുമെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ഖത്തരി മാർക്കറ്റിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളും മറ്റുമാണ് വിളവെടുപ്പുത്സവത്തിൽ ഉണ്ടാവുക.
വ്യാഴാഴ്ച തുടക്കമായ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിന്റെ പ്രവേശനകവാടം
കതാറ കൾചറൽ വില്ലേജ് സന്ദർശിക്കുന്നവർക്ക് മഹാസീൽ ഫെസ്റ്റിവൽ ഒരു പ്രധാന വാർഷിക പരിപാടിയായി മാറിയെന്ന് സെയ്ഫ് സഅദ് അൽ ദോസരി പറഞ്ഞു. ഏഴാം പതിപ്പിലെത്തുന്നതിലൂടെ ഈ വിളവെടുപ്പ് വിപണി അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്നാണ് തെളിയിക്കുന്നത്. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള സംസ്കാരമാണ് അത് പ്രചരിപ്പിക്കുന്നത്. കാർഷിക, ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇപ്പോൾ ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് മഹാസീൽ അണിനിരത്തുന്നത്. നിരവധി ആളുകളെ ഇത് ആകർഷിക്കുന്നത് അതുകൊണ്ടാണ്’.
വിളവെടുപ്പുത്സവത്തിന്റെ ഏഴാം പതിപ്പ് കാർഷിക ഉൽപന്നങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും ഏറെ മുന്നിട്ടുനിൽക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. ‘പൗരന്മാരോ താമസക്കാരോ ആകട്ടെ, പൊതുജനങ്ങൾക്ക് പ്രാദേശിക ഉൽപന്നങ്ങളുടെ വൈവിധ്യം അറിയാനുള്ള അവസരമാണിത് നൽകുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കതാറക്ക് പ്രാധാന്യമേറെയാണ്. ദേശീയമായി ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന മഹാസീൽ ഫെസ്റ്റിവലിന്റെ ഇടം കൂടിയായി കതാറ മാറുന്നതും സവിശേഷമാണ്’.
വ്യാഴാഴ്ച തുടക്കമായ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിലെ സ്റ്റാളുകളിലൊന്ന്
കതാറയിലെ തെക്കുഭാഗത്ത് സെന്റ് റെജിസിന് എതിർവശത്തായാണ് മഹാസീൽ അരങ്ങേറുന്നത്. 28 പ്രാദേശിക ഫാമുകളുടെയും ആറു ദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തം മഹാസീലിലുണ്ടാകുമെന്ന് കതാറ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. കോഴി, മാംസം, പാലുൽപന്നങ്ങൾ, ഈന്തപ്പഴം, തേൻ എന്നിവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ ഫെസ്റ്റിവലിലെത്തും.
ചെടികളുടെ വിൽപനയും മഹാസീലിൽ തകൃതിയായി നടക്കും. ഇക്കുറിയും പൂക്കൾ, അലങ്കാര സസ്യങ്ങൾ, ഹോം ഗാർഡൻ തുടങ്ങിയവയടക്കമുള്ള എട്ടു നഴ്സറികൾ പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ വിൽക്കുന്ന കടകളുമുണ്ടാകും. ശിൽപശാലകളും കലാപരിപാടികളും ആർട്ട് വർക്ക്ഷോപ്പുകളും ഉൾപ്പെടെ, കുടുംബത്തിന് ഷോപ്പിങ് നടത്താനും ആസ്വാദ്യകരമായി സമയം ചെലവഴിക്കാനുമുള്ള അവസരം മഹാസീൽ ഫെസ്റ്റിവൽ ഒരുക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.