ഇറാഖിനെതിരെ പെനാൽറ്റിയിൽ ഗോൾ നേടിയ ജോർഡന്റെ അലി ഒൽവാനെ സഹതാരം
ഒദ് ഫഖൗറി അഭിനന്ദിക്കുന്നു
ദോഹ: ഫിഫ അറബ് കപ്പ് ക്വാർട്ടറിൽ കരുത്തരും നാല് തവണ ചാമ്പ്യന്മാരുമായ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ജോർഡൻ സെമിയിൽ. ഒടുക്കം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ കരുത്തുറ്റ പ്രതിരോധവും കൃത്യതയാർന്ന നീക്കങ്ങളുമായാണ് ഇറാഖിനെ കീഴടക്കിയത്. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ജോർഡാൻ പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്. ഗ്രൂപ് ഘട്ടത്തിൽ യു.എ.ഇ, ഈജിപ്ത്, കുവൈത്ത് എന്നിവരെ കീഴടക്കി ഗ്രൂപ് ജേതാക്കളായാണ് ജോർഡൻ ക്വാർട്ടറിലെത്തിയത്.
കളിയുടെ ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങളുണ്ടായില്ലെങ്കിലും പിരിയുന്നതിനു മുമ്പേ ഒരു ഗോളിന്റെ ലീഡ് ജോർഡൻ നേടി. ഗോൾ ബോക്സിൽവെച്ച് ഇറാഖിന്റെ മുസ്തഫ സഅദൂന്‍ പെനാൽറ്റി വിധിച്ചതോടെ ലഭിച്ച അവസരം മുതലെടുത്ത് അലി ഒൽവാൻ 41ാം മിനിറ്റിൽ നിർണായകമായ ഗോൾ നേടി. എന്നാൽ, രണ്ടാം പാതിയിൽ കൂടുതൽ ആക്രമണശൈലി പുറത്തെടുത്താണ് ഇറാഖ് കളിച്ചത്. അക്കം ഹാഷിം, അഹമദ് ഹസൻ, അലി ജാസിം എന്നിവർ തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. മികച്ച പ്രതിരോധമൊരുക്കി ഇറാഖിന്റെ മുന്നേറ്റത്തെ തടഞ്ഞ ജോർഡൻ, കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് ആക്രമണവും നടത്തി.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ഇറാഖ് സർവശക്തിയുമെടുത്ത് പോരാടി.
ജോർഡൻ ബോക്സിനുള്ളിലേക്ക് നിരന്തരം പന്തെത്തിച്ച് ഇറാഖ് സമ്മർദം ചെലുത്തിയെങ്കിലും പക്ഷേ, ലക്ഷ്യം കാണാൻ സാധിച്ചില്ല.ഇറാഖിന്റെ മുന്നേറ്റ നിരയുടെ തുടർച്ചയായ ശ്രമങ്ങളെ ജോർഡൻ ഗോൾകീപ്പർ യസീദ് അബ്ദുല്ലയും പ്രതിരോധനിരയും ചേർന്ന് തടഞ്ഞു. രണ്ടാം പാതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇറാഖ് മികച്ചുനിന്നെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഗ്രൂപ് ഘട്ടത്തിൽ തോൽവി അറിയാതെ ക്വാർട്ടറിലെത്തിയ ജോർഡാൻ, ഇറാഖിനെതിരെയും വിജയമുറപ്പാക്കി മുന്നേറുകയാണ്. സെമിയിൽ സൗദി അറേബ്യയാണ് എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ ക്വാർട്ടറിൽ ഫലസ്തീനെ രണ്ടിനെതിരെ ഒരു ഗോളിന് സൗദി അറേബ്യ കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.