ജിഷാ കൃഷ്ണയുടെ പച്ചക്കറി തോട്ടത്തില്‍ ‘വിലപിടിപ്പുള്ളവ’ ധാരാളം

ദോഹ: പേരാമ്പ്രക്കാരിയായ ജിഷാകൃഷ്ണയുടെ ദോഹയിലുള്ള വീട്ടുമുറ്റത്തും ടെറസിലുമുള്ള പച്ചക്കറി തോട്ടം നിരവധി മലയാളി സമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുകയാണ്.13 വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനവും നിരന്തരമായ പരിപാലനവും കൊണ്ട് പടര്‍ന്ന് പന്തലിച്ച ആ തോട്ടത്തിന്‍െറ തണലും തണുപ്പും ഫലവര്‍ഗങ്ങളുടെ സമൃദ്ധിയും അനുഭവിച്ച് തന്നെ അറിയണം. 
മരുഭൂമിയുടെ നടുവിലെ ഈ പ്രകൃതിച്ചന്തം ഏറെ വിത്യസ്തമാണ്. ഇപ്പോള്‍ മമ്മുറയിലുള്ള വില്ലയുടെ മുറ്റത്തുള്ള പച്ചക്കറി തോട്ടത്തില്‍ വളരുന്ന ചെടികളുടെ വൈവിദ്ധ്യവും അത്യപൂര്‍വ്വതയും പറഞ്ഞാല്‍ വിസ്മയിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. 80 ല്‍ കൂടുതല്‍ ഇനം പച്ചക്കറികളുണ്ട് ഇവിടെ. അതില്‍ പലതും ഒന്നിലധികം  ഇനങ്ങള്‍.മുരിങ്ങള്‍ അഞ്ചുതരമാണ്. മത്തന്‍ നാലുതരമുണ്ട്. കുമ്പളമാകട്ടെ മൂന്നിനങ്ങളുണ്ട്. 
പച്ചമുകളിന്‍െറ വിവിധ വര്‍ഗങ്ങള്‍ ഇങ്ങനെയാണ്. ജ്വാലമുഖി, കാന്താരി, ഉജ്ജ്വല, ഹോട്ട് ചില്ലി, നീളന്‍ മുളക് എന്നിങ്ങനെയുള്ള അഞ്ചിനങ്ങള്‍. ചീരകള്‍ ഉള്‍പ്പെടെ 30 ലേറെ ഇലവര്‍ഗങ്ങള്‍. കാട്ടുപാവല്‍, ചൗ ചൗ,  അതിനൊപ്പം ലോകത്തിലെ ഏറ്റവും വിലക്കൂടിയ പച്ചക്കറി എന്നറിയപ്പെടുന്ന ‘കെയില്‍, ഉരുളക്കിഴങ്ങ്, റാഡിഷ്, കറിവേപ്പിലകള്‍ രണ്ടുതരം ,പുളിവെണ്ട, പാസ്ലി, മല്ലിയില, ദില്‍, അങ്ങനെ പോകുന്നു അവ. 
നാലുതരം തക്കാളികള്‍ ഉണ്ട്. ഇതില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നാടന്‍തക്കാളിയും ഉള്‍പ്പെടുന്നു.  തൊലി വളരെ നേരിയതിനാല്‍ കച്ചവടക്കാര്‍ ഇത് എടുക്കാതെ വന്നതോടെയാണ് കൃഷിക്കാര്‍ ഇതിനെ ഉപേക്ഷിച്ചതെന്നും എന്നാല്‍ ഗുണം കൂടുതല്‍ ഇതിനാണന്നും ജിഷാകൃഷ്ണ പറയുന്നു. ബീറ്റ് റൂട്ട്, ചീരചേമ്പ്, ചേമ്പ്, ചേന, ചതുരപ്പയര്‍, കട്ടന്‍പയര്‍ എന്നിങ്ങനെ ആ വൈവിദ്ധ്യം നീളുന്നു. 
 14 വര്‍ഷം മുമ്പാണ് ഭര്‍ത്താവ് കൃഷ്ണദാസിനൊപ്പം ജിഷ ദോഹയില്‍ എത്തിയത്. അന്ന് താമസിക്കാന്‍ ഫാറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കൃഷി ചെയ്യാനുള്ള താല്‍പ്പര്യം അറിഞ്ഞതോടെ ഭര്‍ത്താവ് വിശാലമായ മുറ്റമുള്ള വില്ലയിലേക്ക് താമസം മാറാന്‍ വേണ്ടത് ചെയ്തു. അങ്ങനെ വീട്ടുമുറ്റത്തും മട്ടുപ്പാവിലും ആയി കൃഷിയിടം ഒരുക്കപ്പെട്ടു. അതിന്നും തുടരുന്നു. 
ബിരുദവും ഫാഷന്‍ ഡിസൈനിംങില്‍ ഡിപ്ളോമയുമുണ്ട്  ജിഷക്ക്. ഭര്‍ത്താവ് കൃഷ്ണദാസും മക്കളായ അര്‍ജുന്‍ കൃഷ്ണയും സിദ്ധാര്‍ഥ് കൃഷ്ണയും കൃഷിയില്‍  പ്രോല്‍സാഹനങ്ങള്‍  തനിക്ക്  നല്‍കുന്നുണ്ടെന്നും ജിഷ പറഞ്ഞു. 
പച്ചക്കറികള്‍ക്ക് ഗുണനിവാരം ലഭിക്കാന്‍ ജൈവ കൃഷിയാണ് അവലംബിക്കുന്നതെന്നും ഇവര്‍ പറയുന്നു. തടമെടുത്ത് കരിയിലകൊണ്ട് മൂടി, യഥാസമയം പരിചരിച്ച് കീടങ്ങളെ നശിപ്പിച്ച് അവര്‍ സദാജാഗ്രതയിലാണ്. കുട്ടികളെ പരിചരിക്കുന്നപോലെയാകണം നല്ളൊരു കര്‍ഷകന്‍ എന്ന സന്ദേശവും ജിഷ നല്‍കുന്നുണ്ട്. 
ചെടികള്‍ക്ക് രോഗ പ്രതിരോധശേഷി നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നല്‍കണം. അങ്ങനെയായാല്‍ രോഗത്തില്‍ നിന്ന് ഒരു പരിധിവരെ അവയെ രക്ഷിച്ചെടുക്കാം. കായിച്ചകളെയും കീടങ്ങളെയും നശിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ അതിലൊന്നും തരിപോലും രാസകണികയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങള്‍ പച്ചക്കറികള്‍ പുറത്ത് നിന്ന് വാങ്ങുക അപൂര്‍വ്വമാണന്നും ഈ വീട്ടമ്മ പറയുന്നു.
 രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും വലിയ മാര്‍ഗങ്ങളിലൊന്ന് സ്വന്തമായി വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ ഭക്ഷിക്കുക എന്നതാണന്നും ജിഷ പറയുമ്പോള്‍ അതില്‍ നിന്നും പഠിക്കാന്‍ നമുക്ക് ഏറെയുണ്ട്.

Tags:    
News Summary - jish-pachakkri-thottathi;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.