ദോഹ: ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തറിലെ ഫലസ്തീൻ എംബസി ഐക്യദാർഢ്യ ചടങ്ങ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി ഒഴിഞ്ഞ വയറുകളുമായി തടവുകാർ നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് ഫലസ്തീൻ എംബസിയുടെ നടപടി.
ഒഴിഞ്ഞ വയറുകളുമായി ഇസ്രയേലിെൻറ അധിനിവേശത്തിനെതിരെയും അതിക്രമങ്ങൾക്കെതിരെയും പോരാടുന്ന തടവുകാർക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്ന് ഫലസ്തീൻ എംബസിയിലെ ഫസ്റ്റ് കോൺസുലാർ ഡോ. യഹിയ സകരിയ അൽ അഗ്ഹാ ചടങ്ങിൽ വ്യക്തമാക്കി. പ്രാദേശിക, അന്തർദേശീയ ഫോറങ്ങളിൽ ഫലസ്തീന് പൂർണമായി
പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന, ഫലസ്തീൻ ജനതയെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സഹായിക്കുന്ന ഖത്തർ അമീറിെൻറയും ഖത്തർ ജനതയുടെയും നിലപാടുകളും നയങ്ങളും ആശ്വാസകരമാണെന്നും അഭിനന്ദനാർഹമാണെന്നും ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ ജയിലുകളിലെ തടവുകാരുടെ നിരാഹാര സമരം ആത്മാർഥമാണെന്നും കൃത്രിമത്വമോ കലർപ്പുകളോ അതിലടങ്ങിയിട്ടില്ലെന്നും ഇസ്രായേലിെൻറ അധിനിവേശത്തെയും കയ്യേറ്റങ്ങളെയും അതിക്രമങ്ങളെയും പ്രതിരോധിച്ചു കൊണ്ടുള്ളതായിരിക്കും സമരമെന്നും ഫലസ്തീൻ വിഷയത്തിൽ അന്തർദേശീയ സമൂഹം പുലർത്തുന്ന അപകടകരമായ മൗനം
അവസാനിപ്പിക്കുന്നതിനുള്ള സന്ദേശമാണിതിലൂടെ ലോകത്തിന് നൽകുന്നതെന്നും പറഞ്ഞ അദ്ദേഹം, ഇസ്രയേൽ ജയിലകൾക്കുള്ളിൽ 30 വർഷത്തിലേറെ കാലമായി അന്യായമായ തടവ് ശിക്ഷ അനുഭവിക്കുന്നവരും ഇക്കൂട്ടരിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. തടവുകാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീൻ നഗരങ്ങളിൽ ജനങ്ങൾ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടികളുടെ ഭാഗം തന്നെയാണ് ഖത്തറിലെ ഐക്യദാർഢ്യമെന്നും ഡോ. യഹിയ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ സംബന്ധിച്ച് ഫതഹ് പാർട്ടി മുന്നോട്ട് വെക്കുന്ന നിബന്ധനകളോടും നയങ്ങളോടും ഏറ്റവും അടുത്ത നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം ഹമാസ് പ്രഖ്യാപിച്ച രാഷ്ട്രീയനയപ്രഖ്യാപനമെന്നും ഇത് ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച കുറക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.