ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഖത്തർ. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെ സമൂഹമാധ്യമ പേജുവഴി നെതന്യാഹു ഉയർത്തിയ ആരോപണങ്ങൾക്കെതിരെയാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേകാര്യമന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി മറുപടിയുമായി എത്തിയത്.
വ്യാജകഥകളുണ്ടാക്കി നിരപരാധികളെ വേട്ടയാടുന്നത് ന്യായീകരിക്കുകയാണ് ഇസ്രായേലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന രാഷ്ട്രീയ ധാർമികതയോ ഉത്തരവാദിത്തമോ ഇല്ലാത്തതാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
138 ലേറെ ബന്ദികളുടെ മോചനം സാധ്യമാക്കിയത് ഇസ്രായേലിന്റെ യുദ്ധമാണോ അതോ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമാണോയെന്ന് വ്യക്തമാക്കണം. ചരിത്രത്തിന്റെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗസ്സയില്‍ നടക്കുന്നത്.
മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നു. മരുന്നും സഹായവും രാഷ്ട്രീയ ആയുധമാക്കുന്നു. ഇതാണോ സിവിലൈസേഷനെന്നും എക്സിലൂടെതന്നെ മാജിദ് അല്‍ അന്‍സാരി മറുപടി നല്കി. വ്യാഖ്യാനങ്ങളും സമ്മര്‍ദങ്ങളും ഖത്തറിന്റെ നിലപാടിനെ ബാധിക്കില്ലെന്നും 1967 ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര ഫലസ്തീന് നിലവില്‍വരണമെന്നും മാജിദ് അല്‍ അന്‍സാരി ആവര്‍ത്തിച്ചു. ഗസ്സ വിഷയത്തില്‍ ഖത്തര്‍ ഇരട്ട ഗെയിം കളിക്കുന്നുവെന്നായിരുന്നു നെതന്യാഹുവിന്റെ ആരോപണം. സിവിലൈസേഷനും ബാര്‍ബറിസവും തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നെതന്യാഹു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.