ദോഹ: ഫലസ്തീൻ ജനതക്ക് പ്രത്യേകിച്ച് ഗസ്സ നിവാസികൾക്ക് നേരെ തുടരുന്ന ഇസ്രായേൽ കൂട്ടക്കുരുതിയും അതിക്രമങ്ങളും സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയും തുർക്കി പ്രധാനമന്ത്രി ബിൻഅലി യിൽദ്രിമും ചർച്ച നടത്തി. ഫോണിലൂടെ നടത്തിയ ചർച്ചയിൽ, മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുനേതാക്കളും വിശകലനം ചെയ്തു. ഇസ്രായേലിലെ അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിച്ച അമേരിക്കൻ നടപടിയും അതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണങ്ങളും ചർച്ച ചെയ്യുന്നതിനായി തുർക്കി വിളിച്ചു ചേർത്ത അടിയന്തര ഇസ്ലാമിക ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും ഫോണിലൂടെ ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തി.
ഫലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഫലസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഇസ്രായേലിലെ അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിച്ച നടപടി മേഖലയിൽ അസമാധാനത്തിന് വഴിയൊരുക്കി. മേഖല അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായെന്നും ഇരു പ്രധാനമന്ത്രിമാരും വിശദീകരിച്ചു. തുർക്കി–ഖത്തർ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും ഫോൺ സംഭാഷണത്തിനിടെ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.