ദോഹ: ഇസ്രായേൽ വ്യോമാക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ രാഷ്ട്രീയ, നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ കൂടുതൽ ഇടപെടലുകൾ നടത്തുന്നു. ഇസ്രായേൽ തുടരുന്ന നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ-നയതന്ത്ര സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാനുമാണ് ഖത്തർ ശ്രമിക്കുന്നത്.
ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ അതിക്രമങ്ങൾ തുറന്നുകാട്ടുന്നതിനും പ്രശ്നം അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളിൽ എത്തിക്കുന്നതിനുമുള്ള എൻ.എച്ച്.ആർ.സിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിനോട് നാഷനൽ ഹ്യൂമൻ റൈറ്റ്സ് അധ്യക്ഷയും അറബ് നെറ്റ്വർക് ഓഫ് നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ മെംബറുമായ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ ആവശ്യപ്പെട്ടു. അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബുൽ ഗെയ്തുമായി അറബ് നെറ്റ്വർക് പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് അൽ അതിയ്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും നടത്തുന്നവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതുൾപ്പെടെ, കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ അന്വേഷണം നടത്തണമെന്നും ഇത്തരം ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉൾപ്പെടെയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിന്റെ ദുരിതഫലങ്ങളും അപകടസാധ്യതകളും അവർ ചൂണ്ടിക്കാട്ടി.
ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ നടന്ന യോഗത്തിൽ എ.എൻ.എൻ.എച്ച്.ആർ.ഐ പ്രസിഡന്റ് സമർ ഹാജ് ഹസ്സൻ, അറബ് നെറ്റ്വർക് സെക്രട്ടറി ജനറൽ സുൽത്താൻ ബിൻ ഹസൻ അൽ ജമാലി, കൂടാതെ നിരവധി അറബ് രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മേധാവികൾ എന്നിവർ പങ്കെടുത്തു. അറബ് നെറ്റ്വർക്കിന്റെ അസാധാരണ ജനറൽ അസംബ്ലിയുടെ തീരുമാനങ്ങൾക്ക് പിന്തുണ നൽകാനും അൽ അതിയ്യ അഭ്യർഥിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു. ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി ഐ.സി.സി പ്രസിഡന്റ് ജഡ്ജ് തൊമോകോ അകാനെ, ഫസ്റ്റ് വൈസ് പ്രസിഡന്റ് ഒസ്വാൾഡോ സലാവ എന്നിവരുമായി ഹേഗിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നും ഐ.സി.സിയെ ബോധിപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കമുള്ളവരെ സംഭവത്തിൽ ഐ.സി.സിക്ക് മുന്നിൽ കൊണ്ടുവരാനാണ് ഖത്തറിന്റെ ശ്രമം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര അറബ് -ഇസ്ലാമിക അടിയന്തര ഉച്ചകോടി ഐ.സി.സി അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ആക്രമണം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തേ, ആക്രമണത്തെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ യു.എസ് അടക്കം 15 രാജ്യങ്ങളും ആക്രമണത്തെ വിമർശിച്ചിരുന്നു. കഴിഞ്ഞദിവസം ജനീവയിൽ ചേർന്ന മനുഷ്യാവകാശ കൗൺസിലും ആക്രമണത്തെ അപലപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെ അവഗണിക്കുകയും വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ യു.എൻ അംഗത്വം താൽക്കാലികമായി നിർത്തിവെക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കണമെന്ന് ദോഹയിൽ ചേർന്ന അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി സ്വീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്, യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രസിഡന്റ് ജൂർഗ് ലാബർ എന്നിവർക്ക് എൻ.എച്ച്.ആർ.സി കത്തയച്ചതായി നാഷനൽ ഹ്യൂമൻ റൈറ്റ്സ് അധ്യക്ഷ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ വിശദീകരിച്ചു. കൂടാതെ ഐ.എൽ.ഒ, എച്ച്.ആർ.ഡബ്ല്യു, ആംനസ്റ്റി ഇന്റർനാഷനൽ, ഒ.ഐ.സി, പീനൽ റിഫോം ഇന്റർനാഷനൽ, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, യു.എൻ.ഡി.പി തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾക്കും കത്തുകൾ നൽകിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണം മാനുഷിക ദുരന്തങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായെന്ന് അവർ പറഞ്ഞു. കൂടാതെ,സാധാരണ പൗരന്മാരിൽ, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഇത് കടുത്ത മാനസികാഘാതങ്ങൾ ഉണ്ടാക്കുകയും ജനവാസ കേന്ദ്രങ്ങളെ ഭയത്തിന്റെയും ഭീതിയുടെയും മേഖലകളാക്കി മാറ്റുകയും ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി. ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര സംഘടനകളും വിവിധ ലോകനേതാക്കളും ഖത്തറിന് പൂർണ പിന്തുണയുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.