പുതിയ കാഴ്ചകളുമായി നവീകരിച്ച ഇസ്ലാമിക് ആർട്ട് മ്യൂസിയം 

പുതുകാഴ്ചകളുമായി ഇസ്ലാമിക് മ്യൂസിയം ഒരുങ്ങി

ദോഹ: ലോകകപ്പിന് മത്സര ആവേശങ്ങളിലേക്കായി ഒഴുകിയെത്തുന്ന ആരാധക ലക്ഷങ്ങൾക്ക് ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും അത്ഭുതകാഴ്ചകൾ സൂക്ഷിച്ച ഇസ്ലാമിക് ആർട്ട് മ്യൂസിയം (മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്-മിയ) നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒക്ടോബർ അഞ്ചിന് പൊതുജനങ്ങൾക്കായി തുറന്നുനൽകും. ഖത്തർ മ്യൂസിയംസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും ആകർഷക വിന്യാസത്തോടെയും സ്ഥിരം ശേഖരങ്ങളുടെ ഗാലറികൾ പുനഃസ്ഥാപിച്ചുമാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ഇസ്ലാമിക കലാശേഖരങ്ങളുടെ ലോകത്തിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ഇസ്ലാമിക് ആർട്ട് മ്യൂസിയം, മേഖലയിലെ പ്രഥമ ലോകോത്തര മ്യൂസിയവും കൂടിയാണ്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്ക് മുന്നിൽകണ്ടാണ് മ്യൂസിയം തുറക്കുന്നത്.

പുതുതായി ഏറ്റെടുത്തതും സംരക്ഷിച്ചതുമായ 1000ലധികം അമൂല്യ വസ്തുക്കൾ ഇതാദ്യമായി മ്യൂസിയത്തിന്‍റെ സ്ഥിരം ഗാലറിയിലുണ്ടാകും. മാസ്റ്റർപീസ് വിഭാഗത്തിൽപെടുന്ന നിരവധി വസ്തുക്കളും സ്ഥിരം ഗാലറിയിൽ സ്ഥാനംപിടിക്കും. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിനുശേഷം ഒക്ടോബർ 26 മുതൽ 2023 ഫെബ്രുവരി 25 വരെ 'ബാഗ്ദാദ്: ഐസ് ഡിലൈറ്റ്' എന്ന തലക്കെട്ടിൽ താൽക്കാലിക പ്രദർശനം സംഘടിപ്പിക്കുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. അബ്ബാസിയ ഖിലാഫത്തിന്‍റെ (750-1258 സി.ഇ) ചരിത്രാവശിഷ്ടങ്ങളും പൈതൃകവും ഇരുപതാം നൂറ്റാണ്ടിലെ അതിന്‍റെ ശേഷിപ്പുകളും പ്രദർശനത്തിലുണ്ടാകും. കല, സംസ്കാരം, വാണിജ്യം എന്നിവയുടെ കേന്ദ്രം കൂടിയായിരുന്നു അബ്ബാസിയ കാലഘട്ടത്തിലെ ബാഗ്ദാദ് നഗരം.

വാസ്തുവിദ്യയിൽ ആഗോളതലത്തിൽതന്നെ പ്രശസ്തനും വിദഗ്ധനുമായ ആർക്കിടെക്ട് ഐ.എം. പൈ രൂപകൽപന ചെയ്ത മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് 2008ലാണ് ഖത്തർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ശൈഖ അൽമയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി ഖത്തർ മ്യൂസിയം ചെയർപേഴ്സൻ സ്ഥാനമേറ്റെടുത്തതിനുശേഷം തുറന്ന പ്രഥമ സ്ഥാപനംകൂടിയാണിത്. ദോഹ കോർണിഷിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ആർട്ട് മ്യൂസിയം, ഇസ്ലാമിക കലകളുടെ ദീപസ്തംഭമായാണ് അറിയപ്പെടുന്നത്. ഭൂത-വർത്തമാന കാലങ്ങൾക്കിടയിലെ, കിഴക്കിനും പടിഞ്ഞാറിനുമിടയിലെ കൈമാറ്റം സാധ്യമാക്കുന്ന പാലമായും അന്താരാഷ്ട്ര സംവാദങ്ങൾക്കുള്ള വേദിയായും ഇത് പ്രവർത്തിക്കുന്നു.

മ്യൂസിയത്തിലെ അമൂല്യമായ ശേഖരങ്ങൾ സന്ദർശകരെ ആകർഷിക്കുംവിധത്തിൽ സമഗ്രമായാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ എത്തിച്ചേരാനും പങ്കെടുക്കാനും സാധ്യമാകുന്ന രീതിയിൽ പുതിയ മൊബൈൽ, ചൈൽഡ് ഫ്രണ്ട്ലി സ്രോതസ്സുകളും മ്യൂസിയത്തിൽ സംവിധാനിച്ചിട്ടുണ്ട്.

ചരിത്ര, സംസ്കാര പ്രമേയങ്ങളെ അടിസ്ഥാനമാക്കിയും കാലഘട്ടം, ഭൂമിശാസ്ത്രം എന്നിവയെ ആധാരമാക്കിയുമാണ് ഗാലറികൾ പരിഷ്കരിച്ചിരിക്കുന്നത്. ഇസ്ലാമിക കരകൗശലവിദ്യയുടെ മഹത്തായ പൈതൃകം വിളിച്ചോതുന്നതാണ് ഗാലറികൾ.

തെക്കു കിഴക്കനേഷ്യയിലെ ഇസ്ലാം എന്ന തലക്കെട്ടിൽ പുതിയ വിഭാഗവും മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്തും അതിനപ്പുറത്തും ആശയങ്ങളുടെ കൈമാറ്റത്തിലൂടെയും ചരക്ക് വ്യാപാരത്തിലൂടെയും വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് പ്രദർശനം ചൂണ്ടിക്കാട്ടുന്നത്.

ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്‍റെ സ്ഥാപനവും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും ഖത്തറിനെ സംബന്ധിച്ച് പരിവർത്തനത്തിന്‍റെ തുടക്കമായിരുന്നുവെന്നും പുതിയ ആഗോള സാംസ്കാരിക കേന്ദ്രമെന്ന പദവിയിലേക്ക് രാജ്യത്തെ ഇത് ഉയർത്തിയതായും മേഖലയിൽ പുതിയ പ്രധാന മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥാപിക്കാൻ ഇത് വഴിതെളിച്ചെന്നും ശൈഖ അൽ മയാസ ആൽഥാനി പറഞ്ഞു.

മ്യൂസിയം വീണ്ടും സന്ദർശിക്കാൻ പ്രദേശവാസികളെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോകകപ്പിന് ഖത്തറിലെത്തുന്ന സന്ദർശകരെ മ്യൂസിയത്തിലേക്ക് ഞങ്ങളുടെ പൈതൃകത്തെയും സംസ്കാരത്തെയും പരിചയപ്പെടാനായി ക്ഷണിക്കുകയാണെന്നും ശൈഖ അൽമയാസ ആൽഥാനി കൂട്ടിച്ചേർത്തു. ഇസ്ലാമിക് ആർട്ട് മ്യൂസിയമെന്ന കൗതുക കേന്ദ്രം പുതു അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന് നേതൃത്വം നൽകാൻ സാധിച്ചത് വലിയ ആദരമാണെന്നും അഭിമാനിക്കുന്നതായും ഡയറക്ടർ ഡോ. ജൂലിയ ഗൊനേല്ല പറഞ്ഞു.

Tags:    
News Summary - Islamic Museum is ready with new views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.