ദോഹ: ‘പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്’ എന്ന കാമ്പയിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ സമൃദ്ധിക്കും പുരോഗതിക്കും നട്ടെല്ലായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ശബ്ദം ശക്തമായി ഉയർത്തിപ്പിടിച്ച്, അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉൾകൊള്ളുന്ന ആവശ്യങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുന്ന ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചത്.
സ്വന്തം മണ്ണിൽ നിന്ന് അകന്ന്, കുടുംബങ്ങളെ വിട്ട്, അന്യദേശങ്ങളിൽ ജീവിതം പണിതുയർത്തിയ പ്രവാസികളുടെ ത്യാഗമാണ് ഇന്നത്തെ കേരളത്തിന്റെ വളർച്ചക്ക് അടിത്തറയായതെങ്കിലും തിരികെ ലഭിക്കേണ്ട അംഗീകാരവും അവരുടെ അവകാശ സംരക്ഷണവും ഇന്നും അപൂർണമാണെന്ന് സംഗമം വിലയിരുത്തി. പ്രവാസി പ്രശ്നങ്ങള്‍ കേവലം വിമാനയാത്ര നിരക്ക്, പ്രവാസി വോട്ട് എന്നീ ചര്‍ച്ചകളില്‍ ഒതുങ്ങുന്നത് അവരുടെ അടിസ്ഥാന പരമായ പല കാര്യങ്ങളും പരിഹരിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് ആവശ്യമായ രേഖകൾ ശേഖരിക്കാനോ, സർക്കാർ സേവനങ്ങൾ ഉപയോഗിക്കാനോ, നിയമ സഹായം തേടാനോ ഫലപ്രദമായ സംവിധാനം ഇന്നും നിലവിലില്ല. നാട്ടിലോ ജോലി ചെയ്യുന്ന വിദേശത്തോ ഫാസ്റ്റ് ട്രാക്ക് നടപടികളോ ഒറ്റജാലക സൗകര്യങ്ങളോ ഇല്ലാത്തതിനാൽ, ലളിതമായ ഒരു രേഖ തയ്യാറാക്കാൻ പോലും പ്രവാസി ഏറെ ദുരിതം അനുഭവിക്കേണ്ടി വരികയാണ്. പ്രവാസി വിദ്യാർഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, കേസുകളിലകപ്പെടുന്നവര്‍ക്കുള്ള നിയമ സഹായത്തിലെ അപര്യാപ്തത തുടങ്ങി വിവിധ വിഷയങ്ങളും പരിഹാരങ്ങളും ബദല്‍ നിർദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
അഡ്വ. ജാഫര്‍ഖാന്‍, ഫൈസല്‍ ഹുദവി, നിഹാദ് അലി, അഡ്വ. മഞ്ജുഷ, സാബു ജോര്‍ജ്, അര്‍ഷദ് ഇ, പ്രദോഷ്, സിദ്ദീഹ, ഷൈനി കബീര്‍, സുബൈര്‍ പണ്ടവത്ത്, യുനീഖ് ലിന്‍സണ്‍, വര്‍ഗീസ് വർഗീസ്, സമീല്‍ ചാലിയം, സുനില്‍ പെരുമ്പാവൂര്‍, യാസര്‍ അറഫാത്ത്, അര്‍ഷദ് ഇ, ഗഫൂര്‍ കാലിക്കറ്റ്, ലിജി അബ്ദുല്ല, അബൂസ് പട്ടാമ്പി, ഷബീര്‍ കൊണ്ടോട്ടി, വാസു വാണിമേല്‍, അഡ്വ. സക്കരിയ്യ, ഷഫീഖ്, സുഹൈല്‍, നിഹാദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.