ദോഹ: ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിന് ഇന്ന് വേദിയൊരുങ്ങും. മെക്സിക്കോയിൽ നിന്നുള്ള ക്രൂസ് അസുലിനെയും ഏഷ്യ-പസിഫിക് നോക്കൗട്ട് മത്സരത്തിലെ ജേതാക്കളായ പിരമിഡ് എഫ്.സിയെയും കീഴടക്കി ചാലഞ്ചർ കപ്പ് സ്വന്തമാക്കിയ സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലമെങ്ങോക്കെതിരെ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പി.എസ്.ജി ഇന്ന് പോരിനിറങ്ങും. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്.
ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് കിരീടം സ്വന്തമാക്കിയത്. പി.എസ്.ജി താരവും, ബാലൺ ഡി ഓർ പുരസ്കാര ജേതാവുമായ ഉസ്മാൻ ഡെംബലെ, മൊറോക്കൻ താരം അഷ്റഫ് ഹകിമി എന്നിവരുൾപ്പെടെയുള്ളവർ ഇന്ന് ഫൈനലിൽ പി.എസ്.ജിക്കായി ബൂട്ടുകെട്ടും. മെക്സിക്കോയുടെ ക്രൂസ് അസുലിനെയും ഈജിപ്തിന്റെ പിരമിഡ്സ് എഫ്.സിയെയും പരാജയപ്പെടുത്തി ചാലഞ്ചർ കപ്പ് സ്വന്തമാക്കിയാണ് ഫ്ലമെങ്ങോ എതിർവശത്ത് അണിനിരക്കുക. അതേസമയം, ലോകോത്തര കായിക ടൂർണമെന്റുകൾക്ക് ഒരേസമയം ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രവർത്തന-സംഘാടന മികവിനെയാണ് എടുത്തുകാണിക്കുന്നത്. തുടർച്ചയായി രണ്ട് ദിവസത്തിനുള്ളിൽ രണ്ട് പ്രധാന ഫിഫ ഫൈനലുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി ഖത്തർ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ആഴ്ചകൾക്കുള്ളിൽ ഖത്തർ വിജയകരമായ മൂന്നാമത്തെ ടൂർണമെന്റിനാണ് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ ടിക്കറ്റ് 20 ഖത്തർ റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായിരിക്കും ലഭ്യമാകുക. കൂടാതെ ഭിന്നശേഷി ആരാധകർക്കായി പ്രവേശന സൗകര്യമുള്ള ഇരിപ്പിട ഓപ്ഷനുകളും ഉൾപ്പെടുത്തും. പ്രവേശന സൗകര്യമുള്ള ഇരിപ്പിടങ്ങൾക്കായി ഭിന്നശേഷിക്കാർ accessibility-fic@sc.qa എന്ന ഇ-മെയിലിലേക്ക് സന്ദേശം അയക്കണം. ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിന് ടിക്കറ്റെടുത്തവർക്ക് ദോഹ മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.