ദോഹ: ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡ്, അടിസ്ഥാന സൗകര്യ പദ്ധതി പാക്കേജ് മൂന്നിലെ എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതായി പൊതു മരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
സ്ട്രീറ്റ് 33 മുതൽ വടക്കുഭാഗത്തേക്കും ജി റിങ് റോഡ് മുതൽ തെക്കുഭാഗത്തേക്കുമുള്ള സ്ട്രീറ്റുകളും ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റിൽനിന്നും (ഹമദ് പോർട്ട് റോഡ്) കിഴക്ക് ഭാഗത്തേക്ക് അൽ കസ്സാറാത് സ്ട്രീറ്റിൽ പടിഞ്ഞാറ് ഭാഗത്തേക്കുമുള്ള സ്ട്രീറ്റുകളും പദ്ധതിയിലുൾപ്പെടും. 40 കിലോമീറ്റർ റോഡ് ശൃംഖലയുടെ നിർമാണമാണ് പൂർത്തിയായത്. 4.57 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള പദ്ധതി പ്രദേശത്തെ പ്രാദേശിക സ്ട്രീറ്റുകൾ, ഇൻറർസെക്ഷൻ, അർട്ടേറിയൽ റോഡുകൾ എന്നിവയെല്ലാം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. റോഡുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏഴ് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനുകളുടെയും 10 പുതിയ റൗണ്ട് എബൗട്ടുകളുടെയും നിർമാണം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. കാൽനടക്കാർക്കുള്ള 17 ക്രോസിങ് സിഗ്നലുകൾ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചു.
പുതിയ ലൈറ്റിങ് സംവിധാനങ്ങളുടെ നിർമാണവും മേഖലയിൽ 4200 കാർ പാർക്കിങ് സ്ലോട്ടുകളുടെ നിർമാണവും പദ്ധതിക്കുകീഴിൽ നടപ്പാക്കി. ഇൻഡസ്ട്രിയൽ ഏരിയയിലെ ചരക്കുനീക്കത്തിലും ഗതാഗതത്തിലും പദ്ധതി വലിയ പങ്കുവഹിക്കുമെന്നും പ്രാദേശിക ഗതാഗതം സുഗമമാക്കുന്നതോടൊപ്പം അവയെ പ്രധാന റോഡുകളുമായും എക്സ്പ്രസ് ഹൈവേകളുമായും ബന്ധിപ്പിച്ചത് രാജ്യത്തെ സാമ്പത്തിക പുരോഗതിക്ക് സഹായകമാകുമെന്നും പ്രോജക്ട് എൻജിനീയർ മുഹമ്മദ് അൽ യാഫിഈ പറഞ്ഞു.
പദ്ധതിയിലെ ഒന്ന്, രണ്ട്, നാല്, ആറ് പാക്കേജുകളിലെ നിർമാണങ്ങളെല്ലാം പൂർത്തിയാക്കി റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുത്തതായി അശ്ഗാൽ നേരത്തെ അറിയിച്ചിരുന്നുവെന്നും ഈ പാക്കേജുകൾ 2281 പ്ലോട്ടുകളിലേക്കുള്ള അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതോടൊപ്പം 85 കിലോമീറ്റർ റോഡും ഗതാഗതത്തിനായി നൽകിയെന്നും എൻജി. അൽ യാഫിഈ വ്യക്തമാക്കി.
ഷോപ്പുകൾ, ഫാക്ടറികൾ, സംഭരണ കേന്ദ്രങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ 816 പ്ലോട്ടുകളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പദ്ധതിയിലെ പാക്കേജ് മൂന്ന് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.