ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
ദോഹ/ വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിടെ മേഖലയിലെ സംഭവവികാസങ്ങൾ, ആഗോള ഊർജ വിതരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണങ്ങൾ എന്നിവ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
നിലവിലെ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിരോധ പങ്കാളിത്തം ഉൾപ്പെടെ വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു.
ആഗോള ഊർജ വിപണിയിലെ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് വിതരണ ശൃഖല നിലനിർത്തണമെന്നും ഖത്തറിൽ നിന്നുള്ള എൽ.എൻ.ജി ആഗോള വിപണിയിൽ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ആവർത്തിച്ചു. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കണമെന്ന അവശ്യവും ഉയർന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രശംസിച്ചു. പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ വഹിക്കുന്ന നിർണായകമായ ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.