റെയിൻ എമർജൻസി റൂം
ദോഹ: ശക്തമായ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. വെള്ളക്കെട്ടുകൾ സംബന്ധിച്ച് രേഖപ്പെടുത്തിയ 770 റിപ്പോർട്ടുകളിൽ ഏകദേശം 85 ശതമാനവും പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഹരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നും തങ്ങളുടെ ഫീൽഡ് ടീമുകൾ 24 മണിക്കൂറും സജ്ജരാണെന്നും അഷ്ഗൽ കൂട്ടിച്ചേർത്തു.
അൽ വക്റ, അൽ വുകൈർ, ഇൻഡസ്ട്രിയൽ ഏരിയ, മെബൈരീക്ക് എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ വെള്ളക്കെട്ട് സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനും ഗതാഗതം നിലനിർത്തുന്നതിനുമായി അഷ്ഗൽ ഫീൽഡ് ടീമുകൾ സജ്ജമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകോപനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, നാഷണൽ കമാൻഡ് സെന്റർ, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ നേരത്തേ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
തുരങ്കങ്ങളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനും ഡ്രെയിനേജ് ശൃംഖലകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും അഷ്ഗാലിന്റെ പ്രത്യേക ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഡ്രെയിനേജ് നെറ്റ്വർക്ക്സ് ഓപറേഷൻ ആൻഡ് മെയിന്റനൻസ് വകുപ്പിലെ മുഹമ്മദ് അൽ കുബൈസി പറഞ്ഞു. മഴ ബാധിത പ്രദേശങ്ങളിൽ പ്രത്യേക സംഘങ്ങൾക്കൊപ്പം 370ലധികം വാട്ടർ ടാങ്കറുകളും 44 ലധികം മൊബൈൽ പമ്പുകളും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ കമാൻഡ് സെന്റർ, മുനിസിപ്പാലിറ്റികൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയുമായി ഏകോപിപ്പിച്ച് റെയിൻ എമർജൻസി റൂം പ്രധാന റോഡുകളുടെയും തുരങ്കങ്ങളുടെയും നിലവിലെ അവസ്ഥ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അഷ്ഗലിലെ മോണിറ്ററിങ് ആൻഡ് കൺട്രോൾ എൻജിനീയർ മുഹമ്മദ് മബ്റൂക് അൽ കൊർബി പറഞ്ഞു. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ വേഗത കുറക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. റോഡുകളിലെ വെള്ളക്കെട്ടുകളുടെ ആഴം അറിയാതെ അതിലൂടെ വാഹനം ഇറക്കരുത്. വെള്ളക്കെട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 188 എന്ന നമ്പറിലൂടെയോ "അഷ്ഗൽ 360 ആപ്ലിക്കേഷൻ" വഴിയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഉം ബാബിലാണ് (43.1 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 974 സ്റ്റേഡിയത്തിലാണ് ഏറ്റവും കുറവ്, 13.6 മില്ലിമീറ്റർ. റൗദത് റാഷിദിലും അൽ ഉവയ്നയിലും 30 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു.
ലുസൈൽ, മുകൈനിസ്, അൽ റയ്യാൻ, അൽ ബുസൈർ, ഉം സലാൽ മുഹമ്മദ്, അൽ വുകൈർ, മിസഈദ്, സക്രീത്, അൽ ഖോർ, മിസൈമീർ എന്നിവിടങ്ങളിൽ 20 മില്ലിമീറ്ററിൽ കൂടുതലും മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ മുതൽ അൽ വക്റ, അൽ കരാന തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്നും കാലാവസ്ഥാ വിഭാഗം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.