ദോഹ: നിക്ഷേപ അവസരങ്ങൾ, ഉഭയകക്ഷി സഹകരണം, കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വ്യാവസായിക സാധ്യതകൾ, നിക്ഷേപക സൗഹൃദ നയങ്ങൾ, ഖത്തറിലെ ബിസിനസ് രംഗത്ത് ഇടപെടാൻ പ്രവാസി സംരംഭകർക്കുള്ള അവസരങ്ങൾ എന്നിവ യോഗം ചർച്ചചെയ്തു.
ഖത്തർ -ഇന്ത്യ ഉഭയകക്ഷി സഹകരണത്തിലൂടെ കേരളത്തിൽ കൂടുതൽ നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന് മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് വിശദീകരിച്ചു. ശക്തമായ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളിലൂടെ പരസ്പര നേട്ടങ്ങൾ സാധ്യമാകുമെന്നും അവർ വിശദീകരിച്ചു. ലോകസമാധാനത്തിനും മാനുഷിക സംരംഭങ്ങൾക്കും ഖത്തർ നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇന്ത്യൻ സമൂഹത്തിന് ഖത്തർ നൽകുന്ന പിന്തുണക്കും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള നന്ദി സൂചകമായി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദിന് അദ്ദേഹം ഉപഹാരം നൽകി.
ഖത്തറിലെ കേരളത്തിൽ നിന്നുള്ള വ്യാവസായിക പദ്ധതികളും സംരംഭക പങ്കാളിത്തവും സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പങ്കുവെച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ് സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.