ദോഹ: ഖത്തറിൽനിന്ന് കോഴിക്കോേട്ടക്ക് അടുത്തിടെ ആരംഭിച്ച ഇൻഡിഗോ എയർ വിമാന സർവിസിന് തുടക്കത്തിൽ തന്നെ താളപ്പിഴ. ഈ മാസം മധ്യത്തോടെ ആരംഭിച്ച ദോഹ–കോഴിക്കോട് സെക്ടറിലെ അടുത്ത മാസത്തെ നിരവധി സർവിസുകളാണ് റദ്ദ് ചെയ്തത്. ആഗസ്റ്റിൽ ഒന്നിടവിട്ട ദിവസങ്ങളിലെ ദോഹ–കോഴിക്കോട് സർവിസുകളും തിരിച്ചുള്ള സർവിസുകളുമാണ് റദ്ദ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഇൻഡിഗോ എയർ ടിക്കറ്റ് എടുത്തവർക്ക് ലഭിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ എടുത്തവരുടെ ടിക്കറ്റ് തൊട്ടടുത്ത സർവിസുള്ള ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ടിക്കറ്റ് മാറ്റിയതുമായി ബന്ധപ്പെട്ട വിവരം ഇമെയിൽ മുഖേനയും കസ്റ്റമർ കെയർ നമ്പറിൽ നിന്നും അറിയിക്കുന്നുണ്ട്. അതേസമയം വിമാനങ്ങൾ റദ്ദ് ചെയ്യാനുളള കാരണം അധികൃതർ യാത്രക്കാരെ അറിയിക്കുന്നില്ല. ഇന്ത്യയിൽ പുതുതായി നിലവിൽ വന്ന ജി.എസ്.ടിയുമായി ബന്ധപ്പെട്ടാണ് കമ്പനി പല സർവിസുകളും റദ്ദ് ചെയ്യുന്നതെന്നാണ് സൂചന.
അപ്രതീക്ഷിതമായ മാറ്റം ഏറെ വലക്കുന്നതായി ഇൻഡിഗോ എയറിൽ ടിക്കറ്റ് എടുത്തവർ പറയുന്നു. യാത്രാതിയതിക്കനസരിച്ച് ജോലിയിൽ നിന്ന് ലീവ് എടുത്തവർക്ക് ഒരു ദിവസം കൂടി ഇവിടെ തങ്ങിയശേഷം മാത്രമെ യാത്ര ചെയ്യാൻ സാധിക്കുകയുളളൂ. അല്ലെങ്കിൽ യാത്ര ഒരു ദിവസം നേരത്തെയാക്കണം.
കൃത്യമായ തിയതിയിൽ ലീവ് അനുവദിക്കപ്പെട്ടവർക്ക് അതിനും സാധ്യമല്ല. തിരിച്ചുവരുന്നവരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്.
ഖത്തറിൽ നിന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലേക്കുളള മറ്റു വിമാന സർവിസുകൾ കൃത്യമായി നടക്കുന്ന ഘട്ടത്തിൽ പുതുതായി ആരംഭിച്ച ഇൻഡിഗോ എയർ സർവിസ് തുടക്കത്തിൽ തന്നെ വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് യാത്രക്കാരിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഇത് ഉപഭോക്താക്കളിൽ പുതിയ സർവിസിനോടുളള മതിപ്പ് കുറയാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.