ദോഹ: ഖത്തറിലെ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശം വാനോളമുയർത്തിയും ഐക്യത്തിന്റെ കൈയൊപ്പ് ചാർത്തിയും ഇൻകാസ് ഖത്തർ കുടുംബസംഗമം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ദീർഘകാലത്തെ കാത്തിരിപ്പിനും ചർച്ചകൾക്കുമൊടുവിൽ ഒരു കുടക്കീഴിൽ അണിനിരന്ന ഇൻകാസ് ഖത്തറിന്റെ ആദ്യ പരിപാടിയിൽ നൂറുകണക്കിന് കോൺഗ്രസ് അനുഭാവികളാണ് പങ്കെടുത്തത്.
രണ്ട് സംഘടനകളായി പ്രവർത്തിച്ചിരുന്ന പ്രവർത്തകരും നേതാക്കളും ഐക്യത്തിന്റെ പാതയിലേക്ക് ചുവടുവെച്ച ശേഷം നടന്ന ആദ്യ പൊതുപരിപാടി, പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും കരുത്തുറ്റ പ്രകടനമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി എത്തിയ വേദിയിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി.
എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ചാണ് ഇൻകാസ് ഖത്തർ മുന്നോട്ടുപോകുകയെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. "ഇതുപോലെ ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫ് എന്ന് പറയുന്നത് കേവലം കുറെ രാഷ്ട്രീയ പാർട്ടികളുടെ കോൺഫെഡറേഷൻ മാത്രമല്ല, അതിനപ്പുറം വിശാലമായ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്." നിലവിൽ യു.ഡി.എഫിന് അനുകൂലമായ സാമൂഹിക ഘടകങ്ങൾ കേരളത്തിൽ തിരിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് സംഘടനകൾ ഒന്നിച്ച് ഒറ്റക്കെട്ടായി മാറിയത് ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഇൻകാസിന്റെ സ്വാധീനം വർധിപ്പിക്കാൻ സാധിച്ചുവെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ പങ്കുവെച്ചു. പിളർപ്പിന്റെയും ഭിന്നതയുടെയും കാലം അവസാനിച്ചെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ഖത്തറിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിലുണ്ടാകുമെന്നും വിളിച്ചുപറയുന്നതായിരുന്നു സമ്മേളന നഗരിയിലെ ജനപങ്കാളിത്തം. പ്രവാസി വിഷയങ്ങളിൽ സജീവ ഇടപെടൽ ഉണ്ടാകുമെന്നും കുടുംബസംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാനും പ്രവർത്തകർക്ക് കുടുംബസംഗമം ആഹ്വാനം നൽകി.
ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനകളുടെ നേതാക്കളായ എ.പി. മണികണ്ഠൻ (ഐ.സി.സി), ഷാനവാസ് ബാവ (ഐ.സി.ബി.എഫ്), ഇ.പി. അബ്ദുറഹ്മാൻ (ഐ.എസ്.സി), താഹ മുഹമ്മദ് (ഐ.ബി.പി.സി), എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ മേനോൻ, ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.