2022ൽ ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിൽ നിയമിക്കപ്പെട്ടത് 7000ലധികം പൗരന്മാർ

ദോഹ: പോയവർഷം ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിലായി 7127 പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി തൊഴിൽമന്ത്രാലയവും സിവിൽ സർവിസും ഗവൺമെൻറ് ഡെവലപ്മെൻറ് ബ്യൂറോയും ചേർന്ന് പുറത്തിറക്കിയ റിക്രൂട്ട്മെൻറ് സ്ഥിതിവിവരക്കണക്കുകളിൽ ചൂണ്ടിക്കാട്ടി. തൊഴിൽമേഖലയിലെ സ്ത്രീപുരുഷ നിയമന അനുപാതം, രാജ്യത്തെ ഏറ്റവും ഡിമാൻഡുള്ള മേഖലകൾ, തൊഴിൽരംഗവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ റിപ്പോർട്ട്.

5000ലധികം പൗരന്മാർക്ക് നിയമനം നൽകി പൊതുമേഖലയാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. പുതിയ നിയമനങ്ങളിൽ 69 ശതമാനവും സ്ത്രീകൾക്കാണ്. സർക്കാർമേഖലയിൽ പ്രൈമറി ഹെൽത്ത്കെയർ കോഓപറേഷൻ, ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സ്ഥാപനങ്ങൾ. അതേസമയം, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയത് മുനിസിപ്പാലിറ്റി മന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗൺസിലും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസുമാണ്.

സ്വകാര്യ മേഖലയിൽ 1850 പൗരന്മാർക്കാണ് തൊഴിൽ ലഭിച്ചത്. ഇവിടെ പുതിയ നിയമനം ലഭിച്ചവരിൽ 52 ശതമാനം പുരുഷന്മാരാണ്. ബിസിനസ് മാനേജ്മെൻറ്, എൻജിനീയറിങ്, അക്കൗണ്ടിങ് മേഖലകളിലാണ് കൂടുതൽ നിയമനം നടന്നത്. സ്വകാര്യ മേഖലയിലും ഖത്തർ പൗരന്മാരെ ഏറ്റവും കൂടുതൽ നിയമിച്ചത് സാമ്പത്തിക, ഇൻഷുറൻസ് മേഖലയിലാണ്. ഊർജ, വ്യവസായമേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഖത്തർ നാഷനൽ ബാങ്ക്, ഖത്തർ എനർജി, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എയർവേസ്, ഉരീദു എന്നിവയാണ് ഏറ്റവും കൂടുതൽ നിയമനം നൽകിയ സ്വകാര്യ സ്ഥാപനങ്ങൾ.

ജോലി അന്വേഷിക്കുന്ന സ്വദേശികളുടെ തൊഴിലന്വേഷണവും നിയമനങ്ങളും സുഗമമാക്കുന്നതിനുള്ള ദേശീയ തൊഴിൽ പ്ലാറ്റ്ഫോമായ കവാദറിൽ കഴിഞ്ഞവർഷം വലിയ നിക്ഷേപമാണ് നടന്നത്. സ്വകാര്യമേഖലയിൽ കഴിഞ്ഞ വർഷം സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ 18,220 ആയി വർധിച്ചതായും 2021ൽ ഇത് 394 മാത്രമായിരുന്നെന്നും തൊഴിൽ മന്ത്രാലയത്തിലെ പ്രൈവറ്റ് സെക്ടർ റിക്രൂട്ട്മെൻറ് വിദഗ്ധൻ മുഹമ്മദ് സാലിം അൽ ഖുലൈഫി പറഞ്ഞു. തൊഴിൽ മന്ത്രാലയവുമായി സഹകരിക്കാനുള്ള ഖത്തറിലെ സ്വകാര്യ മേഖലയുടെ പ്രതിബദ്ധതക്ക് തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിലെ റിക്രൂട്ട്മെൻറ് വിപണിയിൽ 2022 മികച്ച വർഷമായിരുന്നെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റൽ ഡെവലപ്മെൻറ് ബ്യൂറോയിലെ ദേശീയ മാനവ വിഭവശേഷി വിഭാഗം മേധാവി ദബ്യ അൽ ബൂഐനൈൻ പറഞ്ഞു. 

Tags:    
News Summary - In 2022, more than 7000 citizens will be employed in public and private sectors of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT