ദോഹ: ഉപഭോക്തൃ പരാതികൾ സമർപ്പിക്കാനായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അവതരിപ്പിച്ച മൊബൈൽ ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങിയതോടെ പരാതികളുടെ എണ്ണവും ഗണ്യമായി വർധിക്കുന്നതായി അധികൃതർ.
വിപണിയിലെ ഉപഭോക്തൃ വസ്തുക്കളുടെ വില, വിൽപന, ഉൽപന്നം, സേവനം, പരസ്യം, വിവരങ്ങൾ, പണം നൽകലും ഇൻവോയ്സും, ലൈസൻസിങ്, ആരോഗ്യ സുരക്ഷ, ചൂഷണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരാതി സമർപ്പിക്കാനുള്ള സൗകര്യവുമായി വാണിജ്യ മന്ത്രാലയം അവതരിപ്പിച്ച ‘MOCIQATAR’ എന്ന മൊബൈൽ ആപ് പൊതുജനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
ഓഫിസുകളിൽ പോയി പരാതി നൽകാനുള്ള പ്രയാസം ഒഴിവാക്കി, ഉപഭോക്തൃ പരാതികൾ എളുപ്പത്തിൽ അധികൃതരിലെത്തിക്കാൻ കഴിയുന്നതാണ് ആപ്പിന്റെ സേവനമെന്ന് വാണിജ്യ മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം അസി.ഡയറക്ടർ മുഹമ്മദ് അലി അൽ അദ്ബാഹ് ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
പരാതികളിൽ കാലതാമസമില്ലാതെ എളുപ്പം നടപടി സ്വീകരിക്കാൻ കഴിയുന്നുവെന്നതാണ് സുപ്രധാനം. ലളിതമായി പരാതി ബോധിപ്പിക്കാനുള്ള അവസരമായതോടെ, ആപ് അവതരിപ്പിച്ച ശേഷം പരാതികളുടെ എണ്ണം ഗണ്യമായി വർധിച്ചതായും അദ്ദേഹം പറഞ്ഞു.
പരാതികൾ സമർപ്പിക്കുമ്പോൾ കടയുടെ പേര്, ബിൽ, തുടങ്ങി ആവശ്യമായ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആപ് സ്റ്റോറുകളിൽനിന്നും ഡൗൺലോഡ് ചെയ്ത് ആപ് ഉപയോഗിക്കാമെന്നും വിപണിയിലെ സേവനം, വില, ഉൽപന്നം, ചൂഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഈ ആപ് വഴി പരാതി നൽകാവുന്നതാണെന്നും അൽ അദ്ബാഹ് അറിയിച്ചു.
പൊതുജനങ്ങളുടെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമാക്കിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ ജൂലൈയിൽ പുതിയ സേവനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.