ദോഹ: ഇക്കണോമി ക്ലാസിൽ വിപ്ലവാത്മക നടപടികൾക്ക് ഖത്തർ എയർവേസ് ഒരുങ്ങുന്നു. ഇക്കണോമി ടിക്കറ്റ് എടുക്കുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങളാണ് 2019 മാർച്ച് മുതൽ നടപ്പാക്കാൻ ഒരുക്കുന്നത്. യാത്രികർക്ക് യാത്രാസുഖം ഉറപ്പാക്കുന്നതിന് ചുരുങ്ങിയത് 32 ഇഞ്ച് ലെഗ് സ്പേസ് ഉറപ്പാക്കും. ഇതോടൊപ്പം സൗജന്യ വൈ ഫൈ സൗകര്യവും ഏർപ്പെടുത്തും. ബിസിനസ് ക്ലാസിലെ വിപ്ലവാത്മക ചുവടുവെപ്പായ ക്യൂ–സ്യൂട്ട് വിജയമായതിന് പിന്നാലെയാണ് പ്രത്യേക ഇക്കണോമി ക്ലാസ് സീറ്റുകൾ വികസിപ്പിക്കാൻ ഖത്തർ എയർവേസ് പദ്ധയിടുന്നുണ്ടെന്ന് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിനെതിരായ ഉപരോധത്തെ തുടർന്നുണ്ടായ എല്ലാ വെല്ലുവിളികളും പ്രതിസന്ധികളും ഖത്തർ എയർവേസ് അതിജീവിച്ചു കഴിഞ്ഞെന്നും കമ്പനിയുടെ വളർച്ചയെ തടയാൻ ഉപരോധത്തിന് സാധിച്ചില്ലെന്നും അൽ ബാക്കിർ കൂട്ടിച്ചേർത്തു. അമേരിക്കൻ വ്യോമയാന വിപണിയിൽ നിക്ഷേപം തുടരാൻ ഖത്തർ എയർവേസിന് താൽപര്യമുണ്ടെന്നും നിരവധി അവസരങ്ങളാണ് അമേരിക്കൻ വിപണിയിലുള്ളതെന്നും സി.ഇ.ഒ സൂചിപ്പിച്ചു. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമയാന വിപണികളിലൊന്നാണ് അമേരിക്ക. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം അധിക വളർച്ച കാർഗോ സർവീസിനുണ്ടായി. ബോയിങ് 777 എക്സ് വിമാനം പരീക്ഷണത്തിലാണെന്നും ഇതിെൻറ ഗ്ലോബൽ ലോഞ്ച് കസ്റ്റമറാണ് ഖത്തർ എയർവേസെന്നും അക്ബർ അൽ ബാക്കിർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.