ഐ.സി.ബി.എഫ് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ്
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് തുടർച്ചയായ മൂന്നാമത്തെ മാസവും രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 80ലധികം സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്ലെറ്റ് ദാനം നടത്തി. രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, സന്നദ്ധ പ്രവർത്തനത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റ ശസ്ത്രക്രിയ, വലിയ ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതരമായ പരിക്കുകളും നേരിടുന്നവർക്കും പ്ലേറ്റ്ലെറ്റുകൾ അനിവാര്യമാണ്. പ്ലേറ്റ്ലെറ്റുകൾക്ക് വളരെ കുറഞ്ഞ കാലാവധിയുള്ളതിനാൽ, ആവശ്യമായ അളവിൽ അവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് സന്നദ്ധരായ ദാതാക്കളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണ്.
ഐ.സി.ബി.എഫ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ്
ഔദ്യോഗിക ചടങ്ങിൽ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സന്നദ്ധ ദാതാക്കളുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ച അദ്ദേഹം, സമൂഹത്തിന്റെ തുടർച്ചയായ സഹകരണത്തിലൂടെ ഇത്തരം ജീവൻരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെൽത്ത് വിങ് ഇൻചാർജ് മിനി സിബി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സന്നിഹിതരായിരുന്നു.
സെക്രട്ടറി ജാഫർ തയിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, അമർ വീർ സിങ്, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി. സന്നദ്ധ രക്ത പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.