ഐ.സി.ബി.എഫ് രക്തദാന ക്യാമ്പിൽ മുഖ്യാതിഥി എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെയെ ഉപഹാരം നൽകി സ്വീകരിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
കനത്ത ചൂടിനെ വകവെക്കാതെ നൂറുകണക്കിനാളുകളാണ് മഹത്തായ ദൗത്യത്തിന് പിന്തുണയുമായി രക്തം ദാനം ചെയ്യാനെത്തിയത്. വൈകീട്ട് നാലിന് ആരംഭിച്ച ക്യാമ്പ് രാത്രി 8.30 വരെ നീണ്ടു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ എകോപിപ്പിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കൺവീനറുമായ ടി.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു.
ഐ.സി.ബി.എഫ് നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളുടെ പ്രാധാന്യവും ഇന്ത്യൻ കമ്യൂണിറ്റിക്കുവേണ്ടി വിവിധങ്ങളായ പരിപാടികൾ നടത്താനുള്ള പ്രതിബദ്ധതയും ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത്തരം ഒരു സംരംഭത്തിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷം ഡോ. വൈഭവ് തണ്ടാലെ പങ്കുവെച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.സിയുടെയും ഐ.സി.ബി.എഫിന്റെയും മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ടി. രാമശെൽവം, ശശിധർ ഹെബ്ബാൾ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, വിവിധ സംഘടന നേതാക്കളും സന്നിഹിതരായിരുന്നു ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ കൗൾ നന്ദി രേഖപ്പെടുത്തി.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽറഊഫ്, സറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ്, കുൽവീന്ദർ സിങ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വിവിധ സംഘടനകളിൽ നിന്നായി ഒട്ടേറെ വളന്റിയർമാർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.