ദോഹ: ജനുവരി അഞ്ചിന് സൗദിയിൽ നടക്കുന്ന ജി.സി.സി 41ാമത് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ലോകം. പുതുവത്സരത്തിൽ അത്തരമൊരു പ്രതീക്ഷയിലും പ്രാർഥനയിലുമാണ് ഗൾഫ് മേഖല മുഴുവൻ. ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കഴിഞ്ഞദിവസം സൗദി രാജാവ് ക്ഷണക്കത്ത് കൈമാറിയിരുന്നു.
ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിലാണ് നടക്കുന്നത്. ദോഹ സന്ദർശിച്ച ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് ആണ് ക്ഷണക്കത്ത് അമീറിന് കൈമാറിയത്.
2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്. ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു.
അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിെൻറ പരമാധികാരം മാനിക്കുന്ന ഏതു തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിെൻറ തുടക്കം മുതലുള്ള നിലപാട്. ഗൾഫ്പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമതീരുമാനം ജി.സി.സി ഉച്ചകോടി എടുക്കുമെന്ന പ്രതീക്ഷയേറുകയാണ്. പരിഹാരവഴികളിൽ ഒരു തടസ്സവുമിെല്ലന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തുടക്കംമുതൽതന്നെ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിലേക്ക് വരുന്നത്. ട്രംപിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് നടപടികൾ ത്വരിതഗതിയിലായത്. അധികാരമൊഴിയുന്നതിന് മുേമ്പ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിെൻറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക് കൂടുതൽ സാഹചര്യമൊരുക്കുകയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സൗദിയിലും യു.എ.ഇയിലും യു.എസ് താവളങ്ങളുണ്ട്. ഗൾഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.
ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറും സൗദിയും തമ്മിൽ കരാർ തയാറായിട്ടുണ്ട്. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. അന്തിമതീരുമാനം അടുത്തു നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിൽ ഉണ്ടായേക്കും. പരിഹാരശ്രമങ്ങൾക്ക് മിക്ക രാജ്യങ്ങളും ഇതിനകം പിന്തുണയറിയിച്ചിട്ടുണ്ട്.
കുവൈത്ത് നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയം ഈയടുത്ത് പ്രസ്താവനയിൽ അറിയിച്ചത്. പരിഹാരശ്രമങ്ങളെ യു.എ.ഇയും പിന്തുണച്ചതോടെയാണ് നടപടികൾ കൂടുതൽ ഫലപ്രാപ്തിയിലെത്തിയത്. അറബ്ലോകത്തെ ഐക്യം ശക്തിപ്പെടുത്തുന്നതിനായുള്ള കുവൈത്തിെൻറയും സൗദിയുടെയും അമേരിക്കയുടെയും ശ്രമങ്ങൾ അഭിന്ദനനാർഹമാണെന്നാണ് യു.എ.ഇ വിദേശകാര്യസഹമന്ത്രി ഡോ. അൻവർ ഗർഗാഷ് ട്വീറ്റ് ചെയ്തത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിെൻറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.
ഉപരോധവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രതികരണം ഇതാദ്യമായാണ് സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കരാർ ചരിത്രപരമായ നേട്ടമാണെന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അൽസബാഹും അറിയിച്ചു. പരിഹാരശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പറഞ്ഞിരുന്നു. നിർണായകമായ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യസഹമന്ത്രിയും മന്ത്രാലയം വക്താവുമായ ലുൽവ അൽഖാതിറും അറിയിച്ചിട്ടുണ്ട്.
പരിഹാരനടപടികൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.