ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിലെ വിവിധ സെഷനുകളിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കവിയും വിവർത്തകനുമായ കെ.ടി. സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവർ സംസാരിക്കുന്നു
ദോഹ: ഭാഷയും സാഹിത്യവും സംഗീതവും സംവാദങ്ങളുമായി രണ്ടുനാൾ നിറഞ്ഞുനിന്ന ഖിയാഫ് -ഡി.എൽ.എഫ് സാഹിത്യോത്സവം സമാപിച്ചു. ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റ് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഭയത്തെയും അധികാരത്തെയും മറികടന്ന് ദുർബലരുടെ ശബ്ദമാവുകയും മനുഷ്യരുടെ നീതിബോധത്തോട് സംവദിക്കുകയും ചെയ്യുമ്പോഴാണ് സാഹിത്യം കാലാതിവർത്തിയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കവിയും വിവർത്തകനുമായ കെ.ടി. സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഭൂമിയിലെ ജീവിതത്തിനൊപ്പം തന്നെ മനുഷ്യന് ഭാവനാത്മകമായ ഒരു ആകാശജീവിതവും സാധ്യമാണെന്നും മനുഷ്യന്റെ ബൗദ്ധിക സാധ്യതകളാണ് മറ്റു ജീവികളിൽനിന്ന് അവനെ വ്യത്യസ്തനാക്കുന്നതെന്നും കെ.ടി. സൂപ്പി അഭിപ്രായപ്പെട്ടു. ‘കവിതയുടെ മണ്ണും ആകാശവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവനയും നിരീക്ഷണപാടവവും ഭാഷാജ്ഞാനവും മാത്രമല്ല നിലപാടുകളും എഴുത്തുകാരന് കൈമുതലായി ഉണ്ടാവേണ്ടതുണ്ടെന്ന് ഡോ. അശോക് ഡിക്രൂസ് പറഞ്ഞു. പുസ്തകങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും എഴുത്തുകാരനും കലാകാരനും മരണത്തെ അതിജീവിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘രചനയുടെ രസതന്ത്രം’, ‘എഴുത്തുകാരന്റെ പണിപ്പുര’ എന്നീ തലക്കെട്ടുകളിലുള്ള ശിൽപശാല സെഷനുകൾ കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാപന ചടങ്ങ് സ്വാഗതസംഘം ചെയര്‍മാനും സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒയുമായ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ. കെ.ഇ.എൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും ഡി.എൽ.എഫ് ജനറൽ കൺവീനർ തൻസീം കുറ്റ്യാടി നന്ദിയും പറഞ്ഞു.
നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, ഖിയാഫ് സെക്രട്ടറിമാരായ മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, ശോഭ നായര്‍, പ്രദോഷ് കുമാർ, കെ.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. വിവിധ മുഖാമുഖം സെഷനുകൾ സ്മിത ആദർശ്, സുബൈർ വെള്ളിയോട്, ഷംല ജഹ്ഫർ, ഷമിന ഹിഷാം എന്നിവർ നിയന്ത്രിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജന. സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, അബ്ദുറഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്മാൻ കിഴിശ്ശേരി, മീഡിയ പെൻ മാനേജർ ബിനു കുമാര്‍, ഖിയാഫ് ട്രഷറർ അന്‍സാര്‍ അരിമ്പ്ര, മന്‍സൂര്‍ മൊയ്തീന്, അൻവർ ബാബു, മുരളി വാളൂരാൻ, സുരേഷ് കൂവാട്ട്, മിനി സിബി, ലിപ്സി സാബു, മജീദ് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഖിയാഫ് അംഗങ്ങളുടെ ഏഴ് പുസ്തകങ്ങൾ ഫെസ്റ്റിൽ പ്രകാശനം ചെയ്തു. ഡോ. സാബു കെ.സിയുടെ കവിത സമാഹാരം ഹർഷവർഷം, ചിത്ര ശിവന്റെ പാൻ ഫോബിയ, ജലീൽ കുറ്റ്യാടിയുടെ കുറ്റ്യാടിപ്പുഴയുടെ മർമരങ്ങൾ, ഹുസൈൻ വാണിമേലിന്റെ തൂവൽശേഷിപ്പ്, ജാബിർ റഹ്മാൻ എഴുതിയ സ്ലേറ്റിൽ വരച്ച സന്ധ്യകൾ, സ്വപ്ന ഇബ്രാഹിമിന്റെ പർവതങ്ങൾ കീഴടക്കിയ പെൺകുട്ടി, ദി ഡ്രീം ദാറ്റ് ബ്ലൈൻഡ് ദി മൈറ്റി സ്റ്റോംസ് എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പ്രമുഖ ഗസൽ-ഖവാലി ഗായകരായ സമീർ ബിൻസി-ഇമാം മജ്ബൂർ സംഘം ഒരുക്കിയ സംഗീതനിശയോടെ ഡി.എൽ.എഫ് സാഹിത്യോത്സവത്തിന് തിരശ്ശീല വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.