എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫലസ്തീൻ-സിറിയ ഗ്രൂപ്ഘട്ട മത്സരത്തിൽനിന്ന്
ദോഹ: ഫിഫ അറബ് കപ്പിൽ എ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി ഫലസ്തീനും സിറിയയും. കഴിഞ്ഞ ദിവസം ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് ഗ്രൂപ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് പ്രവേശനമുറപ്പാക്കിയത്.
ഒരു വിജയവും രണ്ട് സമനിലയും നേടി അഞ്ചു പോയന്റുകൾ നേടിയാണ് ഇരു ടീമുകളും ഗ്രൂപ് ജേതാക്കളായത്.ആദ്യ കളിയിൽ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയാണ് ഫലസ്തീൻ പോരാട്ടം ആരംഭിച്ചത്.ഫലസ്തീന്റെ അഹ്മദ് അൽഖാക്ക് എടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ ഖത്തറിന്റെ പതിനെട്ടാം നമ്പർ താരം സുൽത്താൻ അൽ ബ്രേക് സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. സമനില എന്ന് ഉറപ്പിച്ച ടൂർണമെന്റ് അധികസമയത്തേക്ക് നീണ്ടപ്പോൾ കളിയുടെ ഗതിമാറുകയായിരുന്നു. കളിയുടെ അധികസമയത്താണ് ഫലസ്തീൻ വിജയമുറപ്പാക്കിയത്.
എന്നാൽ, രണ്ടാം മത്സരത്തിൽ ശക്തരായ തുനീഷ്യയെ ഫലസ്തീൻ സമനിലയിൽ തളച്ചു. കളിയുടെ തുടക്കത്തിൽ രണ്ടു ഗോളിന് പിറകിലായിരുന്ന ഫലസ്തീൻ മികച്ച മുന്നേറ്റവും പ്രതിരോധവും ഒരുക്കിയാണ് തുനീഷ്യയെ മെരുക്കിയത്. സമ്മർദത്തിൽ പതറാതെ കരുത്തോടെ ഫലസ്തീൻ താരങ്ങൾ കളിച്ചു.
ഹമദ് ഹംദാനും സെയ്ദ് ഖുൻബാറും ഓരോ ഗോളുകൾ നേടി തുനീഷ്യയെ സമനിലയിൽ തളക്കുകയായിരുന്നു.സിറിയയുമായുള്ള ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഫലസ്തീൻ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.അതേസമയം, ആദ്യ കളിയിൽ ശക്തരായ തുനീഷ്യയെയും രണ്ടാം മത്സരത്തിൽ ഖത്തറിനെയും സമനിലയിലും തളച്ച് സിറിയയും ഗ്രൂപ്പിൽനിന്ന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.
ഫലസ്തീനുമായുള്ള കഴിഞ്ഞ മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഇരുവരും ക്വാർട്ടർ യോഗ്യത നേടിയത്.എന്നാൽ, ഖത്തറിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് കിഴടക്കിയെങ്കിലും നാലു പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള തുനീഷ്യയും ഗ്രൂപ്പിൽനിന്ന് പുറത്തായി. ഗ്രൂപ്പിൽ ആതിഥേയരായ ഖത്തർ ആണ് നാലാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.