ഖത്തറിനും സൗദിക്കുമിടയിൽ ട്രെയിൻ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച കരാർ ഇരു രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാർ ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ അതിവേഗ ഇലക്ട്രിക് റെയിൽവേ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറിൽ സൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിൽ ഒപ്പുവെച്ചു. റിയാദ്, ദോഹ നഗരങ്ങളെ ദമ്മാം, ഹുഫൂഫ് വഴി തീവണ്ടി പാത നിർമിച്ച് ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് കരാറായിരിക്കുന്നത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും സംയുക്ത അധ്യക്ഷതയിൽ തിങ്കളാഴ്ച റിയാദിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനവും കരാറൊപ്പിടലും നടന്നത്. നിലവിൽ റോഡ്, വ്യോമ ഗതാഗത ബന്ധമാണ് ഏറ്റവും അടുത്തുള്ള ഈ അയൽരാജ്യങ്ങൾ തമ്മിലുള്ളത്. റെയിൽവേ കൂടി വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും.
അടിസ്ഥാന സൗകര്യ സംയോജനം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന തന്ത്രപരമായ ചുവടുവെപ്പാണ് റെയിൽ ലിങ്ക് സ്ഥാപിക്കാനുള്ള തീരുമാനം. ഗൾഫ് തലസ്ഥാനങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുകയും സാമ്പത്തിക, ടൂറിസം വികസന ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യും. കൂടാതെ വ്യാപാരവും ജനങ്ങളുടെ ചലനവും ഇത് വർധിപ്പിക്കും.
ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന ദർശനങ്ങൾക്ക് അനുസൃതമായി വിവിധ മേഖലകളിൽ പ്രത്യേകിച്ച് ഗതാഗത, അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സംയോജനവും വർധിപ്പിക്കുന്നതിനുള്ള സൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിലിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാർ.
ഏകോപന സമിതി യോഗത്തിൽ സൗദി ട്രാൻസ്പോർട്ട്, ലോജിസ്റ്റിക് സർവിസ് മന്ത്രി എൻജി. സാലെഹ് അൽ ജാസർ, ഖത്തർ ട്രാൻസ്പോർട്ട് മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഥാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.