ദോഹ: രാജ്യത്ത് സൈക്ലിങ്ങിന് പ്രിയം കൂടിവരുകയാണ്. അത്യാധുനിക രീതിയിലുള്ള സൈക്കിൾ പാതകൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സജ്ജമായതും സൈക്കിൾ സവാരിക്കാരെ ഏറെ ആകർഷിക്കുന്നു. വാരാന്ത്യങ്ങളിൽ വൈകീട്ട് റൈഡ് നടത്തുന്ന സൈക്ലിസ്റ്റുകളുടെയും സൈക്ലിങ്ങിൽ താൽപര്യമുള്ളവരുടെയും എണ്ണവും വർധിച്ചുവരുകയാണ്.
അതേസമയം, സൈക്കിൾ സവാരികൾ അപകടരഹിതമാക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി സുരക്ഷ കാമ്പയിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സൈക്കിൾ യാത്രക്കാരും ട്രാഫിക് നിയമങ്ങളും സുരക്ഷിതമായ യാത്രാരീതികളും കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി സൈക്കിൾ യാത്രികർ നിർബന്ധമായും സൈക്കിൾ പാതകൾ മാത്രം ഉപയോഗിക്കുകയും റോഡിന്റെ വലതുവശം ചേർന്ന് മാത്രം സഞ്ചരിക്കുകയും വേണം. ഇത് ട്രാഫിക് തടസ്സം ഒഴിവാക്കാനും അപകട സാധ്യത കുറക്കാനും സഹായകമാകും. കൂടാതെ, സൈക്കിളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റും റിഫ്ലക്ടിവ് വെസ്റ്റും ധരിക്കുന്നത് സുരക്ഷക്കും അത്യാവശ്യമാണ്. കൂടാതെ രാത്രിയിലോ പുലർച്ചെയോ സഞ്ചരിക്കുമ്പോൾ സൈക്കിളുകളിൽ ലൈറ്റുകൾ ഉറപ്പാക്കുക എന്നത് പ്രധാനമാണ്.
സൈക്കിൾ യാത്രക്കാർ റിഫ്ലെക്റ്റിവ് വെസ്റ്റുകൾ ധരിക്കുന്നതിലൂടെ, വാഹനമോടിക്കുന്നവർക്ക് ഇത് കൂടുതൽ ദൃശ്യമാകുകയും അപകട സാധ്യത കുറക്കുകയും ചെയ്യാം. ശരിയായ ലൈറ്റിങ് ഉറപ്പാക്കുന്നതും സൈക്കിൾ യാത്രക്കാർക്കും മറ്റുള്ള വാഹന യാത്രക്കാർക്കും കാണാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.