ലഖ്വിയ സെർച് ആൻഡ് റെസ്ക്യൂ സംഘം ലബനാനിൽ കർമരംഗത്തിറങ്ങിയപ്പോൾ
ദോഹ: തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ലബനാൻ ജനതയെ ഹൃദയത്തോട് ചേർത്ത് ഖത്തർ. ലബനാൻ ദുരിതാശ്വാസ സഹായനിധിയിലേക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 50 ദശലക്ഷം റിയാൽ സംഭാവന നൽകി. ബൈറൂതിനെ നടുക്കിയ സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് സഹോദരന്മാർക്ക് കൈത്താങ്ങായി ഖത്തർ ടി.വിയുടെ ധനസമാഹരണത്തിലേക്കാണ് അമീർ 50 ദശലക്ഷം റിയാൽ സംഭാവന ചെയ്തത്. 'ഞങ്ങളുടെ ഹൃദയങ്ങളിലാണ് ലബനാൻ' എന്ന തലക്കെട്ടിൽ നടത്തിയ ധനസമാഹരണ കാമ്പയിനിലൂടെ രണ്ടു മണിക്കൂറിനുള്ളിൽ ലഭിച്ചത് 65.2 ദശലക്ഷം റിയാലും.
വെള്ളിയാഴ്ച രാത്രി ഒമ്പതിനും 11നും ഇടയിലാണ് ഖത്തർ ടി.വി ലബനാൻ ജനതയുടെ ദുരിതമകറ്റുന്നതിന് തത്സമയ ധനസമാഹരണം നടത്തിയത്. ഉദാരമതികളുടെ ആധിക്യം കാരണം 15 മിനിറ്റ് അധികമെടുത്ത് 11.15നാണ് പരിപാടി അവസാനിപ്പിച്ചത്.
രാജ്യത്തെ പ്രമുഖ വ്യക്തികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവരെല്ലാം കാമ്പയിനിലേക്ക് സംഭാവന നൽകിയവരിലുൾപ്പെടുന്നു. 6,52,44,865 റിയാലാണ് ആകെ ലഭിച്ച തുക.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 50 ദശലക്ഷം റിയാൽ നൽകിയപ്പോൾ കമേഴ്സ്യൽ ബാങ്കും (സി.ബി.ക്യു) ഖത്തർ ഇസ്ലാമിക് ബാങ്കും (ക്യു.ഐ.ബി) 10 ദശലക്ഷം വീതം നൽകി. ബർവ ബാങ്ക് അഞ്ചുലക്ഷം റിയാലും അഹ്ലി ബാങ്ക് മൂന്നുലക്ഷം റിയാലുമാണ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്.
ദി ഗ്രൂപ് നാലുലക്ഷം റിയാൽ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തെ നിരവധി കമ്പനികൾ അവരുടെ ശേഷിയുടെ പരമാവധി തുക ഖത്തർ ടി.വി കാമ്പയിനിലേക്ക് സംഭാവന ചെയ്തു.
വ്യക്തിതലത്തിൽ ഹമദ് ബിൻ അഹ്മദ് ബിൻ അലി ആൽഥാനി ഒരുലക്ഷം റിയാൽ നൽകി. ഉം സഅദ് എന്ന വനിതയും ഒരുലക്ഷം റിയാലാണ് സംഭാവന നൽകിയത്. അതേസമയം, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തി മൂന്നുലക്ഷം റിയാൽ സംഭാവന നൽകി.
രാജ്യത്തെ പണ്ഡിതന്മാർ, മനുഷ്യാവകാശ പ്രവർത്തകർ, പ്രാദേശിക ചാരിറ്റി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ധനസമാഹരണ പരിപാടിയിൽ അതിഥികളായെത്തി. പ്രതിസന്ധി ഘട്ടത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിലപാടുകൾ അഭിമാനകരമാണെന്നും പ്രയാസങ്ങളിലും പ്രതിസന്ധികളിലുമകപ്പെടുന്ന രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഖത്തർ രംഗത്തുവരുന്നത് ഇതാദ്യത്തെ സംഭവമല്ലെന്നും അലി അൽ ഖറദാഗി പറഞ്ഞു. ലബനാനിലെ സഹോദരങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തമാണിതെന്നും എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനസമാഹരണത്തിലേക്ക് വൻ തുക നൽകിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പരിപാടിക്കിടെ ലബനീസ് എംബസി ഷർഷെ ദഫേ ഫറാഹ് ബർരി ഫോണിലൂടെ പ്രത്യേക നന്ദി അറിയിച്ചു.
ലബനാൻ തലസ്ഥാനമായ ബൈറൂതിനെ പിടിച്ചുലച്ച സ്ഫോടനത്തിെൻറ ഇരകളെ സഹായിക്കുന്നതിനായി റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബ്ൾ ആക്ടിവിറ്റീസ് (ആർ.എ.സി.എ) ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെയാണിത്. ആരോഗ്യം, ഷെൽട്ടർ, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, പുനർനിർമാണം തുടങ്ങി അടിസ്ഥാനാവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലബനാൻ ജനതക്ക് എത്തിക്കുകയെന്ന ലക്ഷ്യംവെച്ചാണ് ധനസമാഹരണം. കഴിഞ്ഞ ദിവസമാണ് ലബനാൻ തലസ്ഥാനമായ ബൈറൂത് നഗരത്തെ വിറപ്പിച്ച സ്ഫോടനം നടന്നത്.
ബൈറൂത് തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനം നടന്ന് തൊട്ടുടനെ തന്നെ ലബനാന് പിന്തുണയുമായി എത്തിയ രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു. ലബനാൻ ജനതയെയും സർക്കാറിനെയും സഹായിക്കുന്നതിനായി രണ്ട് ഫീൽഡ് ആശുപത്രി അടക്കമുള്ള അടിയന്തര മെഡിക്കൽ സഹായം ഖത്തർ നേരത്തേ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.