ജി.സി.സി ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ നിന്ന്
ദോഹ: സഹകരണം ശക്തിപ്പെടുത്തൽ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ നവീകരിക്കൽ എന്നിവ ലക്ഷ്യമിട്ട് കുവൈത്തിൽ ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ യോഗം. പ്രാദേശിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങൾ യോഗത്തിൽ മന്ത്രിമാർ അംഗീകരിച്ചതായി ജി.സി.സി സെക്രട്ടേറിയറ്റ് അറിയിച്ചു. ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ട ജി.സി.സി മയക്കുമരുന്ന് വിരുദ്ധ തന്ത്രത്തിന്റെ ഫലങ്ങൾ യോഗം അംഗീകരിച്ചു.
ജി.സി.സി പൊതുജനാരോഗ്യ പദ്ധതി (2026-2030)ക്ക് അംഗീകാരം നൽകി.ആരോഗ്യ സേവനങ്ങളിൽ നവീകരണവും ഗുണനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ജി.സി.സി ഹെൽത്ത് എക്സലൻസ് അവാർഡ് ആരംഭിച്ചതായും പ്രഖ്യാപിച്ചു. ചികിത്സരംഗത്ത് നവീകരണവും ഡിജിറ്റൽ രീതികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത, അന്തർദേശീയ പങ്കാളികളുമായുള്ള സഹകരണം വികസിപ്പിക്കൽ, വൈകല്യത്തിനുള്ള കാരണങ്ങൾ കുറക്കുന്നതിനൊപ്പം വൈകല്യമുള്ളവരെ പിന്തുണക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയും യോഗം ചൂണ്ടിക്കാട്ടി.
ആരോഗ്യ സംവിധാനങ്ങൾ നവീകരിച്ചും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ഹെൽത്ത് ഇൻഡക്സിൽ ആഗോള ശരാശരിയെ മറികടക്കാൻ ജി.സി.സി രാഷ്ട്രങ്ങൾക്ക് കഴിഞ്ഞുവെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. ഗൾഫ് ആരോഗ്യ സംവിധാനം മികച്ച പുരോഗതി കൈവരിച്ചതായും കുവൈത്തിൽ നടന്ന ജി.സി.സി ആരോഗ്യമന്ത്രിമാരുടെ 11ാമത് യോഗത്തിൽ സംസാരിക്കവെ അദ്ദേഹം വിശദമാക്കി. ഖത്തറിനെ പ്രതിനിധാനംചെയ്ത് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് പങ്കെടുത്തു.കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു. പ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, അപകടസാധ്യതകൾ നേരിടാനുള്ള സന്നദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രവർത്തനത്തിന് അടിത്തറയിടുന്നതാണ് യോഗ തീരുമാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽ എത്തുന്ന പ്രവാസികൾ പൂർണ ആരോഗ്യമുള്ളവരാണെന്നും പകർച്ചവ്യാധികളോ വിട്ടുമാറാത്ത രോഗങ്ങളോ ഇല്ലന്നും ഉറപ്പാക്കാൻ പരിശോധിക്കുന്ന പദ്ധതിയും ചർച്ചചെയ്തു. ഗൾഫ് ആരോഗ്യ സഹകരണം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നു.
ഡിജിറ്റൽ പരിവർത്തനത്തിന്റെയും ആരോഗ്യ നവീകരണത്തിന്റെയും വർധിച്ചുവരുന്ന ആവശ്യകതകൾ അദ്ദേഹം സൂചിപ്പിച്ചു. ഗൾഫ് ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ പ്രധാന സ്തംഭങ്ങളാണ് ഇവയെന്നും വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.