ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം റെക്കോഡ് കൈവരിക്കാനാണ് ഹമദ് രാജ്യാന്തര വിമാനത്താവളം (എച്ച്.ഐ.എ) ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ അക്ബർ അൽ ബാക്കർ. കോവിഡിനുശേഷം ലോകം പതിയെ പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരുന്നതും ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ വമ്പൻ വിജയവും സ്വീകാര്യതയും ഈ ലക്ഷ്യത്തിന് അടിത്തറയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
യാത്രക്കാരുടെ എണ്ണം വർഷം തോറും ഇരട്ടിയായി വർധിച്ച് 2022ൽ 35,734,243 ആയിട്ടുണ്ട്. 2021ലെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 101.9 ശതമാനം വർധനവാണിത്. 2019ൽ മഹാമാരിക്കുമുമ്പുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 92.1 ശതമാനം വർധനയാണുള്ളതെന്ന് ഹമദ് ഇന്റർനാഷനൽ അധികൃതർ ഈയിടെ പ്രഖ്യാപിച്ചിരുന്നു.
2019ൽ, കോവിഡ്-19ന് തൊട്ടുമുമ്പ് ഹമദ് വിമാനത്താവളത്തിൽ 39.5 ദശലക്ഷം യാത്രക്കാരെത്തിയിരുന്നു. ഇപ്പോൾ ലക്ഷ്യത്തിന് വളരെ അടുത്താണ്. ഈ വർഷം ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഞങ്ങൾ റെക്കോഡ് പ്രതീക്ഷിക്കുന്നു’- ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ പ്രഖ്യാപനത്തിനായി കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ അൽ ബാക്കർ പറഞ്ഞു. ലോകകപ്പ് അവസാനിച്ചെങ്കിലും, നിലവിൽ 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന വിമാനത്താവളത്തിന് റെക്കോഡ് സ്വന്തമാക്കുകയെന്നത് സുപ്രധാന നേട്ടമാകുമെന്ന് അൽ ബാക്കർ അഭിപ്രായപ്പെട്ടു.
ലോകത്തിലെ മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതി കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കിയിരുന്നു. 19ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ട് ‘ലോകത്തിലെ മികച്ച ഓവറോൾ എയർപോർട്ട്’ആയി തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ ആറാം വർഷവും ‘മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളം’എന്ന ബഹുമതിയും ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. മികച്ച എയർപോർട്ട് ഡൈനിങ്, മികച്ച എയർപോർട്ട് ഷോപ്പിങ്, ലോകത്തിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, മിഡിൽ ഈസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ് എന്നീ വിഭാഗങ്ങളിൽ ആദ്യ അഞ്ചിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.