ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിംഗ് ചാർജ്ജുകളിൽ വർധനവ്. പുതുക്കിയ ചാർജ്ജുകൾ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിമാനത്താവള അതോറിറ്റി വ്യക്തമാക്കി. ഷോർട്ട് ടേം കാർ പാർക്കിംഗിലെ സൗജന്യ പാർക്കിംഗ് സമയത്തിൽ മാറ്റം വരുത്തിയാണ് പുതിയ പരിഷ്കരണം. കൂടാതെ ദീർഘ സമയ കാർ പാർക്കിംഗിൽ പുതിയ ഓപ്ഷനുകളും അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യമായി കാർ പാർക്കിംഗിന് അനുവദിച്ചിരുന്ന സമയം 10 മിനുട്ടായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 15 മിനുട്ടായിരുന്നു. കൂടാതെ ജനുവരി ഒന്ന് മുതൽ പാർക്കിംഗ് ചാർജ്ജ് മണിക്കൂറിന് ആറ് റിയാലാക്കി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് അഞ്ച് റിയാൽ മാത്രമായിരുന്നു. ദീർഘ സമയത്തേക്കുള്ള കാർ പാർക്കിംഗിൽ ദിവസത്തിന് 45 റിയാലാണ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ളത്. ദീർഘ സമയത്തേക്ക് മറ്റു ചാർജ്ജുകളും സമയവും ലഭ്യമാണെന്ന് അതോറിറ്റി അറിയിക്കുന്നു. വിമാനത്താവളത്തിലെ കാർപാർക്കിംഗ് ചാർജ്ജുകൾ പുനർനിർണയിക്കുമെന്ന് യാത്രക്കാരെയും സന്ദർശകരെയും അറിയിക്കുകയാണെന്ന് എച്ച്.ഐ.എ തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. അടുത്ത മൂന്ന് മാസത്തിനും എട്ട് മാസത്തിനുമിടയിൽ വാലറ്റ് സർവീസും ഇക്കോ ഫ്രണ്ട്ലി കാർ വാഷും ഉൾപ്പെടുന്ന പ്രീമിയം കാർ പാർക്കിംഗ് ഏർപ്പെടുത്തുന്നതിന് വിമാനത്താവളം അധികൃതർ ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.