ദോഹ: ഖത്തറിലെ ഇന്ത്യൻ വനിത രത്നങ്ങൾക്ക് ഗൾഫ് മാധ്യമം ഒരുക്കുന്ന ഗ്രാൻഡ് മാൾ 'ഷി ക്യൂ' പുരസ്കാരത്തിന്റെ അവസാന പട്ടികയിലെ 24 പേർ ആരൊക്കെ...? കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഖത്തറിന്റെ മണ്ണിൽ ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധേയമായി മാറിയ ഷി ക്യൂ പുരസ്കാരത്തിന്റെ അന്തിമപട്ടിക ഉടൻ പ്രഖ്യാപിക്കും.
എട്ട് വിഭാഗങ്ങളിലെ പുരസ്കാരങ്ങളിലേക്കായി നടന്ന ഒന്നാംഘട്ടത്തിന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽനിന്ന് ആവേശകരമായിരുന്നു പ്രതികരണം. സാമൂഹിക സേവനം, കാർഷികം, അധ്യാപനം, ആരോഗ്യം, കലാ-സാഹിത്യം, സംരംഭകത്വം, കായികം, മീഡിയ ഇൻഫ്ലുവൻസർ തുടങ്ങിയ എട്ടിനങ്ങളിലായി ആയിരത്തോളം നാമനിർദേശങ്ങളാണ് ലഭിച്ചത്. നാമനിർദേശം ചെയ്യാനുള്ള ഒന്നാംഘട്ടം മെയ് 26ന് അവസാനിച്ചപ്പോൾ, ഖത്തറിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. വ്യക്തികൾ, വിവിധ സംഘടന പ്രതിനിധികൾ, സ്കൂളുകൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ തുടങ്ങി വിവിധ കോണുകളിൽനിന്നാണ് നാമനിർദേശം ലഭിച്ചത്. അരനൂറ്റാണ്ടിലേറെ കാലത്തെ ഇന്ത്യൻ പ്രവാസത്തിന്റെ ചരിത്രമുള്ള ഖത്തറിൽ തൊഴിൽ തേടിയെത്തിയ മലയാളികളും അല്ലാത്തവരുമായി വിവിധ വിഭാ ഗം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചവരാണ് നാമനിർദേശം സമർപ്പിക്കപ്പെട്ടവരിൽ ഏറെയും. ഇവരിൽനിന്ന് ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന മൂന്നുപേർ വീതമാണ് ഒരോ വിഭാഗത്തിലുമായി അന്തിമ മത്സര പട്ടികയിൽ ഇടംനേടുക. ഉടൻ അന്തിമപട്ടിക പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യ ക്തമാക്കി.
ഓരോ കാറ്റഗറിയിലും മൂന്നുപേർ വീതം എന്ന നിലയിൽ 24 പേരുടെ പട്ടികയാണ് അന്തിമ റൗണ്ടിൽ പ്രഖ്യാപിക്കുന്നത്. തുടർന്ന് വായനക്കാർക്കുള്ള അവസരമാണ്. അന്തിമ പട്ടികയിൽ ഇടംനേടിയവർക്ക് അവരുടെ പ്രവർത്തന മികവ് വിലയിരുത്തി വായനക്കാർക്ക് ഓൺലൈൻവഴി ഓരോ വിഭാഗത്തിലും വോട്ട് ചെയ്യാം. ഈ മാസം 23 വരെ ഓൺലൈൻ വോട്ടിങ് തുടരും. തുടർന്ന്, ആകെ വോട്ടിന്റെ നിശ്ചിത ശതമാനംകൂടി കണക്കാക്കി, പ്രമുഖർ ഉൾപ്പെടെയുള്ള ജഡ്ജിങ് പാനലിന്റെ വിധിയുടെ അടിസ്ഥാനത്തിലാവും ഓരോ വിഭാഗത്തിൽനിന്നും വിജയിയെ തെരഞ്ഞെടുക്കുന്നത്.
ജൂൺ അവസാനം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഖത്തറിൽ നടക്കുന്ന ഉജ്ജ്വല ചടങ്ങിൽ ഗൾഫ് മാധ്യമം-ഷി ക്യൂ പ്രഥമ പുരസ്കാര വിജയികളെ പ്രഖ്യാപിക്കും. മലയാളത്തിലെ പ്രമുഖ സംഗീതപ്രതിഭകളുടെ സാന്നിധ്യത്തിലാവും പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.