ഖത്തർ റൺ മിനി കിഡ്സ് മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് കോച്ച് ഇവാൻ വുകോമനോവിച്ചും റിതു ഫോഗട്ടും ചേർന്ന് നിർവഹിക്കുന്നു
ദോഹ: തണുത്ത പ്രഭാതത്തിന് മത്സരച്ചൂട് പകർന്ന് ഗൾഫ് മാധ്യമം -ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഖത്തർ റൺ ആറാം സീസണിന് ആവേശകരമായ കൊടിയിറക്കം.
ഖത്തരികൾ മുതൽ യൂറോപ്യൻ, ഏഷ്യൻ, ആഫ്രിക്കൻ, അമേരിക്കൻ രാജ്യക്കാരായ ഓട്ടക്കാർ ഒരേ മനസ്സുമായി ട്രാക്കിൽ ഒന്നിച്ചപ്പോൾ കായിക ക്ഷമതയുടെയും സ്പോർട്സിന്റെയും അത്യുജ്ജ്വല വിളംബരമായി മാറി.
ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി കായിക മന്ത്രാലയത്തിനു കീഴിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) പിന്തുണയോടെ സംഘടിപ്പിച്ച ആറാമത് ഖത്തർ റണ്ണിന് ഗംഭീര സമാപനം.
കായികദിനം ഉത്സവംപോലെ ആഘോഷിക്കുന്ന ഖത്തറിലെ വെള്ളിയാഴ്ച രാവിലെ ആസ്പയർ പാർക്കിലേക്കായിരുന്നു ജനമൊഴുകിയെത്തിയത്. രാവിലെ ഏഴു മണിക്ക് ഓട്ട മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും ഒരു മണിക്കൂർ മുമ്പേ തന്നെ കായിക താരങ്ങൾ സജീവമായി.
രണ്ടും മൂന്നും വയസ്സുകാരായ കുഞ്ഞു ഓട്ടക്കാർ മുതൽ അഞ്ച് കിലോമീറ്ററിൽ മത്സരിച്ച 74കാരനായ ജർമൻകാരൻ റിച്ചാർഡ് ഗുഡറും, 10 കി.മീയിൽ പങ്കെടുത്ത ഇറാഖുകാരൻ മുസ്തഫ അൽ കസാസും വരെയുള്ള ഓട്ടക്കാർ സജ്ജമായി. 50ലേറെ രാജ്യക്കാരായ 774 അത്ലറ്റുകളാണ് 10 കി.മീ, അഞ്ച് കി.മീ, 2.5 കി.മീ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ ദൂര വിഭാഗങ്ങളിൽ മത്സരിച്ചത്.
മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പേ വാം അപ്പ് സെഷനോടെ കായിക താരങ്ങളെല്ലാം ഓടാൻ സജ്ജമായി. ആദ്യം 10 കി.മീ, അഞ്ച് കി.മീ ഓപൺ, മാസ്റ്റേഴ്സ് വിഭാഗം മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ചു മിനിറ്റ് ഇടവേളയിൽ ഓപൺ-മാസ്റ്റേഴ്സ് 2.5 കിലോമീറ്ററിനും തുടക്കമായി.
ഗൾഫ് മാധ്യമം മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റഹീം ഓമശ്ശേരി, വൈസ് ചെയർമാൻ എ.സി. മുനീഷ് എന്നിവർ ആദ്യ വിഭാഗം മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മണലുറച്ച ട്രാക്ക് ആവേശകരമായ മത്സരങ്ങൾക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.
വിവിധ ദേശക്കാർ കരുത്തും വേഗവുമായി മത്സരിച്ചു. മത്സരം പുരോഗമിക്കുന്നതിനിടെ ഖത്തർ റണ്ണിന്റെ മുഖ്യാതിഥികളായ മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോ മനോവിചും കോമൺവെൽത്ത് ഗെയിംസ് ഗുസ്തി സ്വർണ മെഡൽ ജേതാവ് റിതു ഫോഗട്ടും എത്തിയതോടെ ആസ്പയർ പാർക്കിൽ ആവേശം വാനോളമുയർന്നു.
സമാപന ചടങ്ങിൽ ഇവാൻ വുകോ മനോവിച്, റിതു ഫോഗട്ട്, ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, നസീം ഹെൽത്ത് കെയർ കോർപറേറ്റ് റിലേഷൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ, എൻ.വി.ബി.എസ് ഫൗണ്ടറും സി.ഇ.ഒയുമായ ബേനസീർ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ്ജാൻ, അൽസമാൻ എക്സ്ചേഞ്ച് കസ്റ്റമർ സർവിസ് ആൻഡ് മാർക്കറ്റിങ് മാനേജർ ജുവൈസ്, പൊകാരി കൺട്രിഹെഡ് മുഹമ്മദ് ഫയാസ് ഫാബി, ലാൻഡ്റോയൽ പ്രോപ്പർട്ടി മാനേജിങ് ഡയറക്ടർ സുഹൈർ ആസാദ്, അൽഖർജ് ട്രേഡിങ് ജനറൽ മാനേജർ അജാസ്, അഹമ്മദ് അൽ മഗ്രിബി മാർക്കറ്റിങ് പ്രതിനിധി സൈഫ് ഹാഷ്മി, വൺ ചാമ്പ്യൻഷിപ് പ്രതിനിധി റബേക, ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ചെയർമാൻ റഹീം ഓമശ്ശേരി, അംഗങ്ങളായ എ.ആർ. അബ്ദുൽ ഗഫൂർ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സാദിഖ് ചെന്നാടൻ, അഹമ്മദ് അൻവർ, വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, ഗൾഫ് മാധ്യമം റീജനൽ മാനേജർ ടി.എസ്. സാജിദ് , പി.ആർ മാനേജർ ഒ.ടി. സകീർ ഹുസൈൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുൽറഹ്മാൻ എന്നിവർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.
റേഡിയോ സുനോ ആർ.ജെ അഷ്ടമി ഖത്തർ റണ്ണിന്റെ അവതാരകയായി.
ദോഹ: ഖത്തറിലെ ഓട്ടക്കാർക്ക് സുപരിചിതനാണ് പ്രവാസി മലയാളി അത്ലറ്റ് അബ്ദുൽ നാസർ. ലോകത്തെ ആറ് മുൻനിര മാരത്തൺ ചാമ്പ്യൻഷിപ്പുകളും ഓടിത്തീർത്ത് വേൾഡ് മാരത്തൺ മേേജഴ്സ് പൂർത്തിയാക്കിയ അപൂർവം കായിക താരങ്ങളിൽ ഒരാൾ.
ഗൾഫ് മാധ്യമം ഖത്തർ റണ്ണിന്റെ പ്രഥമ സീസൺ മുതൽ സജീവമായി അദ്ദേഹമുണ്ട്. ഖത്തർ റണ്ണിനൊപ്പം ആറാം സീസൺ. 10 കിലോമീറ്ററിലും അഞ്ച് കിലോമീറ്ററിലുമെല്ലാം പങ്കെടുത്ത് പലതവണ ജേതാവുമായി. ഇത്തവണ 10 കി.മീ മാസ്റ്റേഴ്സിൽ 41.23 മിനിറ്റിൽ ഫിനിഷ് ചെയ്ത് വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി.
10 കി.മീ മാസ്റ്റേഴ്സ് ചാമ്പ്യനായ അബ്ദുൽ നാസർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻനിര മാരത്തൺ, കായിക ചാമ്പ്യൻഷിപ്പുകളിൽ പതിവായി പങ്കെടുക്കുന്ന അബ്ദുൽ നാസർ ഖത്തർ റൺ മികച്ച അനുഭവമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.
‘മണൽ ട്രാക്ക് ഓട്ടക്കാർക്ക് നല്ല എക്സ്പീരിയൻസാണ് നൽകുന്നത്. സാധാരണയിലെ റോഡ് ട്രാക്കിൽനിന്നും വ്യത്യസ്തമാണ് മണൽ ട്രാക്കിലെ ഓട്ടം. കാലാവസ്ഥയും അനുകൂലമായെന്ന് അദ്ദേഹം പറയുന്നു.
ഖത്തറിലെ വർധിക്കുന്ന കായിക ആവേശവും പ്രവാസികളിലെ കായികക്ഷമത സംബന്ധിച്ച ഉണർവും പ്രതീക്ഷ നൽകുന്നതാണെന്നും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടോളമായി കായിക രംഗത്ത് സജീവമായുള്ള നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.