ഖത്തർ റൺ വേദിയായ ആസ്പയർ പാർക്ക്
ദോഹ: 50 രാജ്യക്കാർ, 750ഓളം കായിക താരങ്ങൾ. ദോഹയുടെ തണുത്ത വെളുപ്പാൻ കാലത്തിനു പിന്നാലെ മുഴങ്ങുന്ന വിസിലിനൊപ്പം ഖത്തറിലെ ഓട്ടക്കാർ ഇന്ന് കുതിച്ചോടും. ആസ്പയർ പാർക്കിലെ മണൽ ട്രാക്കുകളിൽ വേഗംകൊണ്ട് തീപടർത്താൻ ഖത്തറിലെ ഓട്ടക്കാർ ഒരുങ്ങിക്കഴിഞ്ഞു.
മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പുമായി ഖത്തർ റണ്ണിന്റെ ആറാം സീസണിനെ ആവേശത്തോടെ വരവേൽക്കുകയാണ് ഈ നാടും കായിക പ്രേമികളും. രാവിലെ ഏഴിനാണ് മത്സരങ്ങൾക്ക് തുടക്കംകുറിക്കുന്നത്. അതിന് മുമ്പായി താരങ്ങൾക്കുള്ള വാംഅപ് സെഷനും അരങ്ങേറും.
ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി ഖത്തർ കായികമന്ത്രാലയത്തിനു കീഴിലെ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പിന്തുണയോടെയാണ് ഖത്തർ റൺ സീസൺ ആറ് കൊടിയേറുന്നത്.
തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി, അത്ലറ്റുകൾക്ക് ആവശ്യമായ റേസ് കിറ്റും ഇലക്ട്രോണിക് ബിബ് നമ്പറും ജഴ്സികളും വിതരണം പൂർത്തിയാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗൾഫ് മാധ്യമം ഓഫിസിലായിരുന്നു റേസ് കിറ്റ് വിതരണം.
എട്ട് വയസ്സുകാരായ കുട്ടികൾ മുതൽ 60 വയസ്സുവരെയുള്ള ആബാലവൃദ്ധം ജനങ്ങൾ ഒന്നിച്ചിറങ്ങുന്ന കായിക മത്സരം എന്ന പ്രത്യേകതകൂടി ഖത്തർ റണ്ണിനുണ്ട്.
കായികക്ഷമത നിലനിർത്തിയും, കായിക മത്സരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയും ആരോഗ്യകരമായ ജീവിതം എന്ന സന്ദേശവുമായാണ് ഖത്തർ റൺ സംഘടിപ്പിക്കുന്നത്.
സ്വദേശികൾ, വിവിധ ദേശക്കാരായ പ്രവാസികൾ ഉൾപ്പെടെ കായിക പ്രേമികളുടെ പങ്കാളിത്തം ഖത്തർ റണ്ണിനെ ശ്രദ്ധേയമാക്കുന്നു.
വേൾഡ് മേജർ മാരത്തൺ നേട്ടങ്ങൾ സ്വന്തമാക്കിയ പ്രമുഖ ഓട്ടക്കാർ മുതൽ ശാരീരികക്ഷമത നിലനിർത്തുന്നതിനായി ഓടിത്തുടങ്ങുന്നവർ വരെ 750ഓളം പേർ അണിനിരക്കുന്നതാണ് ഖത്തർ റൺ.
10 കി.മീ -ആൺ-പെൺ (ഓപൺ/മാസ്റ്റേഴ്സ്) 7.00 AM.
5 കി.മീ -ആൺ-പെൺ (ഓപൺ/മാസ്റ്റേഴ്സ്) 7:00 AM.
2.5 കി.മീ- ആൺ -പെൺ (ഓപൺ/മാസ്റ്റേഴ്സ്) 7:05 AM.
2.5 കി.മീ -ആൺ- പെൺ (ജൂനിയേഴ്സ്): 7:10 AM.
800 മീ. ആൺ-പെൺ (മിനി കിഡ്സ്) 8:10 AM.
ദോഹ: ഖത്തർ റണ്ണിൽ അണിനിരക്കുന്ന ഓട്ടക്കാരെ കാണാനും അഭിനന്ദിക്കാനുമായി കായികമേഖലയിലെ രണ്ട് പ്രമുഖരും ഇത്തവണ ആസ്പയർ പാർക്കിലെത്തുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിചും ഒപ്പം ഗുസ്തി താരം റിതു ഫോഗട്ടും എത്തും.
ഇന്ത്യയുടെ ഗുസ്തി കുടുംബത്തിൽ നിന്നു വന്ന് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് റിതു.
ഇവാനും റിതു ഫോഗട്ടും
ഗുസ്തി വിട്ട് മിക്സഡ് മാർഷൽ ആർട്ടിസ്റ്റ് (എം.എം.എ) താരമായി ലോകം ചുറ്റുന്ന റിതു ഖത്തറിൽ നടക്കുന്ന വൺ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നുണ്ട്.
ദോഹ: ലോകകപ്പ് ഫുട്ബാൾ പൂരമൊഴിഞ്ഞ മണ്ണിലേക്ക് മലയാളികളുടെ കാൽപന്ത് ആശാനെത്തി. വെള്ളിയാഴ്ച രാവിലെ ആസ്പയർ പാർക്കിൽ നടക്കുന്ന ഗൾഫ് മാധ്യമം ഖത്തർ റണ്ണിന് മുഖ്യാതിഥിയായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിചിന് ദോഹയിൽ ഊഷ്മള സ്വീകരണം.
കേരളത്തെയും മലയാളികളുടെ ഫുട്ബാൾ ആവേശത്തെയും കുറിച്ച് വാചാലനായാണ് പ്രിയപ്പെട്ട കളിയാശാൻ ഖത്തറിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളിൽ ദോഹ വഴി സഞ്ചരിച്ചുവെങ്കിലും ഈ മണ്ണിൽ ഇറങ്ങുന്നത് ഇതാദ്യമാണെന്ന് ‘ഗൾഫ് മാധ്യമം’ ഓഫിസിൽ നൽകിയ സ്വീകരണത്തിൽ ഇവാൻ പറഞ്ഞു.
ഗൾഫ് മാധ്യമം ഖത്തർ റൺ ജഴ്സി മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച് പുറത്തിറക്കുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഇ. അർഷദ്, റഹീം ഓമശ്ശേരി, റീജനൽ മാനേജർ സാജിദ് ടി.എസ്, സകീർ ഹുസൈൻ എന്നിവർ സമീപം
കേരളത്തിന്റെ ഫുട്ബാൾ പ്രേമത്തെ കുറിച്ചും, ഇന്ത്യയുടെ ഫുട്ബാൾ ഭാവിയെ കുറിച്ചും അദ്ദേഹം വാചാലനായി.
കേരളത്തെ കുറിച്ചോ, ഇന്ത്യൻ ഫുട്ബാളിനെ കുറിച്ചോ കേട്ടുകേൾവിപോലുമില്ലാതെയായിരുന്നു 2021ൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. എന്നാൽ, ഒരു വർഷം ടീമിനെ പരിശീലിപ്പിക്കാനെത്തിയ ഞാൻ മൂന്നു സീസണുകളിൽ അവർക്കൊപ്പം നിന്നു.
കേരളീയർക്കും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും എന്റെ ഹൃദയത്തിലാണ് സ്ഥാനം. എപ്പോഴും ചിരിയോടെ സ്വീകരിക്കുന്ന അവരുടെ മനസ്സ് എനിക്ക് സന്തോഷം പകരുന്നതാണ്.
കാലാവസ്ഥയും ആഘോഷങ്ങളുമെല്ലാം എന്നും ഓർമയിൽ തങ്ങുന്നതാണ്. ഏഷ്യയിലും യൂറോപ്പിലും ഉൾപ്പെടെ എവിടെപ്പോയാലും മലയാളികളുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.