സ്റ്റേഡിയം 974
ദോഹ: ലോകകപ്പിനായി ഖത്തർ ഒരുക്കിയ കണ്ടെയ്നർ വിസ്മയം സ്റ്റേഡിയം 974ന് സുസ്ഥിരതക്കുള്ള അംഗീകാരമായി ജി.എസ്.എ.എസ് ഫൈവ് സ്റ്റാർ റേറ്റിങ്. നിർമാണത്തിനും രൂപകൽപനക്കുമാണ് ലോകകപ്പിന്റെ ശ്രദ്ധേയമായ ഈ കളിമുറ്റത്തെ പഞ്ചനക്ഷത്ര മികവിനായി തിരഞ്ഞെടുത്തത്. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റിന് എ സ്റ്റാര്‍ റേറ്റിങ്ങും സ്റ്റേഡിയം സ്വന്തമാക്കി. നിര്മാണസമയത്തും പൊളിച്ചുനീക്കുമ്പോളും ഉണ്ടാവുന്ന മാലിന്യം പരമാവധി കുറക്കാനാണ് കണ്ടെയ്നറില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഗ്ലോബല്‍ സസ്റ്റയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ സുസ്ഥിരതക്കുള്ള 5 സ്റ്റാര്‍ റേറ്റിങ്ങും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റിന് എ സ്റ്റാര്‍ റേറ്റിങ്ങും ലഭിക്കാനുള്ള പ്രധാന ഘടകവും ഇതാണ്. സാധാരണ സ്റ്റേഡിയങ്ങളേക്കാള്‍ ജല ഉപയോഗത്തിലും 974 മാതൃകയാണ്. മറ്റു സ്റ്റേഡിയങ്ങളേക്കാള്‍ 40 ശതമാനം കുറവാണ് ജല ഉപയോഗം.
പരിസ്ഥിതി സൗഹൃദ-സുസ്ഥിരത നിർമാണങ്ങളെ പിന്തുണക്കുന്ന ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ഗോർഡ്) ആണ് സുസ്ഥിരതക്കുള്ള അംഗീകാരമായി ഗ്ലോബൽ സസ്റ്റയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജി.എസ്.എ.എസ്) റേറ്റിങ്ങും സർട്ടിഫിക്കറ്റുകളും നൽകുന്നത്. നിലവിൽ, ഖത്തറിന്റെ ലോകകപ്പ് വേദികളെല്ലാം ഈ അംഗീകാരം സ്വന്തമാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധികളായ ടെക്നികൽ സർവിസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ ഗാനിം അൽ കുവാരി, സസ്റ്റയ്നബിലിറ്റി എക്സി. ഡയറക്ടർ ബുദൂർ അൽ മീർ, സ്റ്റേഡിയം 974 ഫെസിലിറ്റീസ് മാനേജ്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ അത്വാൻ, സസ്റ്റയ്നബിലിറ്റി കമ്യൂണിക്കേഷൻ മാനേജർ ജാസിം അൽ ജൈദ എന്നിവർ പങ്കെടുത്തു. ലോകകപ്പ് ഫുട്ബാളിനായി ഖത്തര്‍ പണിത അത്ഭുതങ്ങളിലൊന്നാണ് ഈ സ്റ്റേഡിയം. 974 കണ്ടെയ്നറുകള്‍ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ടൂര്‍ണമെന്റിന് ശേഷം പൂര്‍ണമായും പൊളിച്ചുനീക്കുന്ന ആദ്യ സ്റ്റേഡിയമെന്ന അപൂർവതകൂടിയുണ്ട് 974ന്. ദോഹ നഗരത്തില്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് കളിയാസ്വദിക്കാം. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോർചുഗല്‍ തുടങ്ങിയ ആരാധകരുടെ പ്രിയ ടീമുകള്‍ക്ക് ഇവിടെ ഗ്രൂപ് ഘട്ട മത്സരങ്ങളുണ്ട്. പ്രീക്വാര്‍ട്ടര്‍ മത്സരമടക്കം ഏഴ് കളികൾക്കാണ് സ്റ്റേഡിയം 974ല്‍ ആരവമുയരുക.
സ്റ്റേഡിയം 974നുള്ള ജി.എസ്.എ.എസ് സുസ്ഥിരത സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.