മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് തണലൊരുക്കി മനോഹരമാക്കിയ ദുഖാൻ റോഡ്
ദോഹ: വശങ്ങളിൽ തണൽവിരിച്ച് നീണ്ടുകിടക്കുന്ന മരങ്ങളും പച്ചപ്പുകളുമായി ദുഖാൻ റോഡിൽ അൽ വജ്ബ ഇന്റർചേഞ്ച് മുതൽ അൽ ഷഹാനിയ ഇന്റർചേഞ്ച് വരെയുള്ള റോഡ് സൗന്ദര്യവത്കരണം പൂർത്തിയായി. റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനായുള്ള സൂപ്പർവൈസറി കമ്മിറ്റിയാണ് പദ്ധതി പൂർത്തിയാക്കിയതായി അറിയിച്ചത്.
കാൽനട പാതകളും സൈക്ലിങ് ട്രാക്കുകളും കൂടി ഉൾപ്പെടുത്തിയാണ് ഖത്തറിന്റെ റോഡ് ഗതാഗതത്തിലെ മുഖച്ഛായ മാറ്റുന്ന നിർമാണങ്ങളിലൊന്ന് പൂർത്തിയാക്കിയത്. അൽസീജ് ഏരിയ മുതൽ അൽ റിഫ സ്ട്രീറ്റ് വരെയും ഉമ്മു ലെഗാബ് മുതൽ അൽ ഷെഹാനിയ ഇന്റർചേഞ്ച് വരെയും റൗണ്ട് എബൗട്ടിൽ നിന്നും കാമൽ റേസിങ് ഏരിയ, അൽ വജ്ബ ഇന്റർചേഞ്ച് എന്നിവരെയുമാണ് കാൽ നടപാതയും സൈക്ലിങ് ട്രാക്കും തയാറാക്കിയത്. റോഡിന്റെ വശങ്ങളിലും മീഡിയനിലുമായി മൂന്ന് കി.മീറ്റർ നീളത്തിൽ മരങ്ങളും മറ്റും വെച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യകരവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായി നഗരവികസനം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് റോഡുകളിലും വശങ്ങളിലും പച്ചപ്പ് പടർത്തി നിർമാണം പൂർത്തിയാക്കുന്നത്. 15.800 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതുവഴി 1.50 ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ മരങ്ങളും ചെടികളും പുല്ലുകളുമായി പച്ചപ്പണിയിച്ചൊരുക്കിയിട്ടുണ്ട്. ഈന്തപ്പനകളും പ്രാദേശിക മരങ്ങളും ഖത്തറിന്റെ മണ്ണിന് അനുയോജ്യമായവയും ഉൾപ്പെടെ 5076 മരങ്ങളാണ് വെച്ചുപിടിപ്പിച്ചത്.
3400 മീറ്റർ നീളത്തിൽ കാൽനട പാതയും 6030 മീറ്റർ നീളമുള്ള സൈക്കിൾ ട്രാക്കുമാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. വിശ്രമിക്കാൻ 15 ബെഞ്ചുകൾ, ബൈക് റാക്സ്, ഗാർബേജ് കണ്ടെയ്നറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിശാലമായ റോഡിനൊപ്പം ആവശ്യക്കാർക്ക് ബദൽ റൂട്ട് എന്ന നിലയിലാണ് ആരോഗ്യകരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്കിൾ-കാൽനട പാതകളും ഒരുക്കിയത്. ലോകകപ്പിനെ വരവേറ്റുകൊണ്ട് ഖത്തറിന്റെ സൗന്ദര്യവത്കരണത്തിൽ സുപ്രധാനമാണ് ദുഖാൻ റോഡിലെ ഈ പദ്ധതി. ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, വാണിജ്യ മേഖല, താമസ സ്ഥലങ്ങൾ എന്നിങ്ങനെ സജീവമായ മേഖല കൂടിയാണ് ഈ റൂട്ട്.
ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ, വികസന പ്രവർത്തനം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് സൂപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷൻ ഡെപ്യൂട്ടി ചെയർമാൻ എഞ്ചി. സാറ കഫൂദ് പറഞ്ഞു. ദുഖാൻ റോഡിന്റെ സൗന്ദര്യവത്കരണം പ്രതിശീർഷ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിന് സഹായകമാവും. മരങ്ങളും പച്ചപ്പും കൂടുന്നതോടെ ചൂട് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വേനൽക്കാലത്ത് മണലും പൊടിയും ഒരുപരിധിവരെ തടയാനുള്ള വഴിയായും സഹായകമാവും. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാനും റോഡിൽ ഒരു സൗന്ദര്യാത്മക കാഴ്ചപകരാനും കഴിയുമെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.