ദോഹ: അതിവേഗ ഡിജിറ്റൽ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിൾ പേ' സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപഭോക്താക്കൾക്ക് 'ഗൂഗ്ൾ പേ' ഉപയോഗിച്ച് പണവിനിമയം നടത്താമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സുരക്ഷാ പരിശോധന നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ലോകത്ത് ഏറെ സ്വീകാര്യത നേടിയ ഗൂഗ്ൾ പേയും രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപയോഗിക്കാൻ അനുവാദം നൽകിയത്.
ഇതിനു പിന്നാലെ, ഖത്തർ നാഷണൽ ബാങ്ക്, കൊമേഴ്ഷ്യൽ ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യൂ.ഐ.ബി) ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗ്ൾ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാവുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങൾ വഴിയും, ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലൂടെയും അറിയിപ്പ് നൽകി.
ആൻഡ്രോയ്ഡ് ഫോണുകളിൽ േപ്ല സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന് 'ജി പേ' ആപ്ലിക്കേഷൻ ബാങ്ക് വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, അതിവേഗത്തിലും ഇടപാട് പൂർത്തിയാക്കാം എന്ന വാഗ്ദാനവുമായാണ് ബാങ്കുകൾ ഗൂഗ്ൾ പേ അവതരിപ്പിക്കുന്നത്.
ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗ്ൾ പേ ഉപയോഗത്തിന് അനുവാദം നൽകിയത്. നിലവിൽ, ആപ്പ്ൾ പേ, സാംസങ് പേ എന്നിവക്ക് നേരത്തെ അനുവാദം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.