ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ എം.ഒ ഷൈജാനും ഗൊലാലിത സി.ഇ.ഒ അലി അൽ യാഫിയും ധാരണപത്രത്തിൽഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തറിലെ മുൻനിര എംപ്ലോയീ റിവാർഡ് പ്ലാറ്റ്ഫോം ആയ ഗൊലാലിത ഖത്തറുമായി ധാരണപത്രത്തിൽ ഒപ്പുവെച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ദോഹയിലെ റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ എം.ഒ. ഷൈജാനും ഗൊലാലിത സി.ഇ.ഒ അലി അൽ യാഫിയും കരാറിൽ ഒപ്പുവെച്ചു.
ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും കമ്പനികളിലെയും ജീവനക്കാർക്ക് വിവിധ വാണിജ്യ സ്ഥാപനങ്ങളിൽനിന്നും ഷോപ്പിങ് ഓഫറുകൾ ലഭ്യമാക്കുന്ന മൊബൈൽ ആപ് പ്ലാറ്റ്ഫോമാണ് ‘ഗൊലാലിത’. ലുലു ഹൈപ്പർമാർക്കറ്റുമായുള്ള കരാറിലൂടെ ആപ് ഉപയോക്താക്കളായ ജീവനക്കാർക്ക് അഞ്ച് ശതമാനം വരെ ഡിസ്കൗണ്ടുകൾ വിവിധ ഉൽപന്നങ്ങൾക്ക് ലഭ്യമാകും. ടെക് ഉൽപന്നങ്ങൾ ഒഴികെയുള്ളവക്കാണ് ഇളവുകൾ ലഭ്യമാകുന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും നേട്ടങ്ങൾ ലഭിക്കുന്നതുമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിന് ലുലു എപ്പോഴും ശ്രമിക്കുന്നതായി എം.ഒ. ഷൈജാൻ പറഞ്ഞു.
‘ഗൊലാലിത’യുമായുള്ള പങ്കാളിത്തത്തിലൂടെ വിശാലമായ ഒരു ഉപഭോക്തൃ വിഭാഗത്തിന് ലാഭവും ഗുണമേന്മയും സമ്മാനിക്കുന്ന ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റുമായുള്ള പങ്കാളിത്തം അഭിമാനകരമാണെന്ന് ഗൊലാലിത റിവാർഡ്സ് ആപ് സി.ഇ.ഒ അലി അൽ യാഫി പറഞ്ഞു. തെരഞ്ഞെടുത്ത ഉപഭോക്തൃ സംഘങ്ങൾക്ക് മൂല്യാധിഷ്ഠിത സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തിൽ ഈ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.