യു.എൻ ജനറൽ അസംബ്ലി ഫ്യൂച്ചർ സമ്മിറ്റിൽ ഗാനിം
അൽ മുഫ്ത സംസാരിക്കുന്നു
ദോഹ: യു.എൻ ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്ന ഫ്യൂച്ചർ സമ്മിറ്റിൽ പങ്കെടുത്ത് ഖത്തറിന്റെ അത്ഭുത മനുഷ്യൻ ഗാനിം മുഹമ്മദ് അൽ മുഫ്ത. ന്യൂയോർക്കിൽ നടന്ന സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിലായിരുന്നു യു.എന്നിലെ ഖത്തറിന്റെ യൂത്ത് പ്രതിനിധി കൂടിയായി ഗാനിം സംസാരിച്ചത്. 2022 ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനൊപ്പം അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ നിറഞ്ഞുനിന്ന് കൈയടി നേടിയ ഗാനിം ശ്രദ്ധേയമായ വാക്കുകളിലൂടെ യു.എന്നിലും പ്രശംസ പിടിച്ചുപറ്റി.
ജന്മനാലുള്ള ശാരീരിക അവശതകളെ അപാരമായ മനസ്സാന്നിധ്യവും പ്രതിഭയും കൊണ്ട് കീഴടക്കി ലോകത്തെ യുവാക്കൾക്കും ഭിന്നശേഷിക്കാരായ തലമുറക്കും മാതൃകയായ ഗാനിം നാലര മിനിറ്റു നീണ്ട പ്രസംഗത്തിലൂടെ ലോക നേതാക്കളുടെ അഭിനന്ദനമേറ്റുവാങ്ങി. ‘ഞാൻ ചുറ്റും നോക്കുമ്പോൾ, എന്നെപ്പോലെയുള്ള ആരെയും ഇവിടെ കാണുന്നില്ല.
എന്നാൽ, ലിംഗഭേദമോ ദേശീയതയോ വംശമോ മതമോ പരിഗണിക്കാതെ നിങ്ങളെന്നെ സ്വീകരിച്ചു ’ -നിറഞ്ഞ കൈയടികൾക്കിടെ ഗാനിം പറഞ്ഞു. വീഴ്ചകളും അവശതകളുമുള്ള വ്യക്തികളെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. പ്രസംഗത്തിനു ശേഷം കൈകളിൽ ഊന്നി നടന്ന് വീൽചെയറിൽ ഇരുന്ന ഗാനിമിനരികിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.