ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി വാർത്തസമ്മേളനത്തിൽ
ദോഹ: ഗൾഫ് രാജ്യങ്ങളുടെ പൊതു നയതന്ത്ര സമ്മേളനം ഫെബ്രുവരി 19, 20 തീയതികളിലായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ നടക്കുമെന്ന് കതാറ പബ്ലിക് ഡിപ്ലോമസി സെൻറർ അറിയിച്ചു. അറബ് ഗൾഫ് രാജ്യങ്ങളിലെ പൊതു നയതന്ത്രം: നയങ്ങളും രീതികളും എന്ന പ്രമേയത്തിൽ ഖത്തർ യൂനിവേഴ്സിറ്റിയിലെ ഗൾഫ് സ്റ്റഡീസ് സെന്ററിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും കതാറ പബ്ലിക് ഡിപ്ലോമസി സെൻറർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കതാറ ജനറൽ മാനേജറും ഗ്ലോബൽ പബ്ലിക് ഡിപ്ലോമസി നെറ്റ് വർക്ക് മേധാവിയുമായ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി, കതാറ പബ്ലിക് ഡിപ്ലോമസി സെൻറർ സി.ഇ.ഒ എൻജി. ദർവീശ് അഹ്മദ് അൽ ശൈബാനി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ഖത്തർ യൂനിവേഴ്സിറ്റി ഗൾഫ് സ്റ്റഡീസ് സെൻററിലെ മഹ്ജൂബ് സിവൈരിയും അക്കാദമീഷ്യന്മാരും സന്നിഹിതരായിരുന്നു.
കതാറ ആതിഥേയത്വം വഹിക്കുന്ന ജി.പി.ഡി നെറ്റിന്റെ എട്ടാമത് ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ചാണ് അറബ് ഗൾഫ് രാജ്യങ്ങളിലെ പൊതു നയതന്ത്രസമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഖത്തറിന് പുറമേ 34 രാജ്യങ്ങളാണ് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുകയെന്നും ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുടെ പൊതു നയതന്ത്ര പുരോഗതിക്ക് സംഭാവന ചെയ്യുന്ന 35 പഠനങ്ങളും വർക്കിങ് പേപ്പറുകളും സമ്മേളനത്തിൽ അവതരിപ്പിക്കും. അറബ് ഗൾഫ് രാജ്യങ്ങളിലെ പൊതു നയതന്ത്ര മേഖലകളിലെ മികച്ച നയങ്ങളിലും കീഴ്വഴക്കങ്ങളിലും എത്തിച്ചേരുകയെന്ന ലക്ഷ്യം മുൻനിർത്തി വിജ്ഞാന വിനിമയത്തിനുള്ള അവസരമായിരിക്കും സമ്മേളനമെന്ന് എഞ്ചി. ദർവീശ് അഹ്മദ് അൽ ശൈബാനി പറഞ്ഞു. പൊതു നയതന്ത്ര മേഖലയിൽ ലോകത്തുതന്നെ മുൻനിരയിൽനിൽക്കുന്ന ഖത്തർ ഉൾപ്പെടെയുള്ള അറബ് ഗൾഫ് രാജ്യങ്ങളുടെ നയങ്ങളും പൊതുനയതന്ത്രത്തിലെ ഇടപെടലുകളും സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമാകുമെന്ന് ഡോ. മഹ്ജൂബ് അൽസിവൈരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.