ദോഹ: ഗൾഫ് രാജ്യങ്ങളുടെ സ്വപ്നപദ്ധതിയായ ജി.സി.സി റെയിൽവേ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മേഖലയിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ബൃഹദ് പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജി.സി.സി റെയിൽവേ ലിങ്കേജ് പദ്ധതിയുടെ 50 ശതമാനം പൂർത്തിയായതായി ജി.സി.സി റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ശബർമി പറഞ്ഞു.
2030 ഡിസംബർ അവസാനത്തോടെ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. 1,700 കിലോമീറ്ററിൽ അധികം ദൈർഘ്യമുള്ള പദ്ധതിയിൽ പാസഞ്ചർ, ചരക്ക് ട്രെയിനുകൾക്ക് വ്യത്യസ്ത പ്രവർത്തന വേഗത നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുമെന്നും, അതേസമയം ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 80 -120നും ഇടയിലായിരിക്കുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഖത്തര്‍, യു.എ.ഇ, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി അറ് ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് ഗൾഫ് റെയിൽവേ പദ്ധതി നിർമിക്കുന്നത്. ഓരോ രാജ്യത്തിലെയും പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജി.സി.സി രാജ്യങ്ങളിലെ തുറമുഖങ്ങളുമായും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായും പദ്ധതി ബന്ധിപ്പിക്കും. ഇതിലൂടെ ചരക്കുനീക്കവും അംഗരാജ്യങ്ങൾക്കിടയിൽ യാത്രക്കാർക്ക് എളുപ്പം എത്താനും സാധിക്കും.
വിമാനയാത്രയെയും റോഡ് മാർഗമുള്ള യാത്രയെയും അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ യാത്രാമാർഗമായി ഇത് മാറും. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതി മുതൽക്കൂട്ടാകും. ജി.സി.സി റെയിൽവേ അടക്കം ഗൾഫ് രാജ്യങ്ങൾ സംയുക്തമായുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയുടെ അധ്യക്ഷതയിൽ ചേർന്ന ഇകണോമിക് ആൻഡ് ഡെവലപ്മെന്റ് മന്ത്രാലയ സമിതിയുടെ യോഗത്തിൽ തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.